വൃക്കയിലെ കല്ലുകള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ ഫലപ്രദം

വേനല്‍ക്കാല രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് വൃക്കയുടെ കല്ലുകള്‍. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഹിക്കാവുന്നതല്ല. ആധുനിക രീതിയിലുളള താക്കോല്‍ദ്വാര ശസ്ത്രക്രിയ ഇതിന് ഫലപ്രദമായ ഒരു പരിഹാരമാണ്. സുപൈന്‍ ചികിത്സ എന്നാണ് ഇത് അറിയപ്പെടുന്നത്. കഠിനമായ വേദന, മൂത്രത്തിലൂടെ രക്തംപോകല്‍, മൂത്രമില്ലാത്ത അവസ്ഥ, പനി എന്നിവയൊക്കെ പ്രാഥമിക ലക്ഷണങ്ങളാണ്. ആവശ്യത്തിന് മൂത്രം ഇല്ലാതെ വരുമ്പോള്‍ കല്ലുകള്‍ മൂത്രംവരുന്ന വഴി തടസ്സപ്പെടുത്തും. ഇതുകാരണം കല്ലിന്റെ സ്ഥാനം മാറാനിടയുണ്ട്. വൃക്ക, യൂറിറ്റര്‍, ബ്ലാഡര്‍, മൂത്രനാളം എന്നിവിടങ്ങളില്‍ കല്ല് കാണാം. ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് വൃക്കയിലുള്ള കല്ലാണ്. എന്നാല്‍ കല്ലുകളുടെ കൃത്യമായ വലിപ്പം കണ്ടുപിടിക്കാന്‍ പലപ്പോഴും സാധിക്കാറില്ല. അള്‍ട്രാസൗണ്ട് സ്‌കാനില്‍ പറയുന്ന വലിപ്പം ആയിരിക്കില്ല സി.ടി.സ്‌കാനില്‍. ഇത്തരത്തിലുള്ള പ്രശ്‌നം സുപൈന്‍ ചികിത്സയില്‍ ഇല്ല.
സാധാരണ കമഴ്ത്തിക്കിടത്തിയാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്യുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി രോഗിയെ മലര്‍ത്തിക്കിടത്തി ചെയ്യുന്നതാണ് 'സുപൈന്‍'. രോഗിയെ മലര്‍ത്തിക്കിടത്തി മൂത്രക്കുഴലിലൂടെ ഒരു സര്‍ജന്‍ എന്‍ഡോസ്‌കോപ്പ് കടത്തുകയും വാരിയെല്ലിന്റെ വശത്തിലൂടെ കീഹോള്‍ ഇടുകയുംചെയ്യും. ഇങ്ങനെ ചെയ്യുന്നതിനാല്‍ കല്ലുകള്‍ പൊടിക്കുമ്പോള്‍ നീങ്ങി പോകാനുള്ള സാധ്യതയും ശരീരത്തിലേക്ക് പഴുപ്പ് ബാധിക്കാനുള്ള സാധ്യതയും കുറവാണ്. സാധാരണ വൃക്കയിലെ കല്ലുകള്‍ നീക്കുമ്പോഴുള്ള പ്രധാനപ്രശ്‌നം കല്ലിന്റെ കഷണങ്ങളുടെ ചലനം ആണ്. ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് കല്ല് പൊടിക്കുമ്പോള്‍ പല കഷണങ്ങളും യൂറിറ്ററിലേയ്ക്കും ബ്ലാഡറിലേയ്ക്കും തെറിച്ചുവീഴും. ഇവ എടുക്കാന്‍ വേറെ എന്‍ഡോസ്‌കോപ്പ് ഉപയോഗിക്കേണ്ടിവരും. സാധാരണ താക്കോല്‍ദ്വാര ശസ്ത്രക്രിയ കമഴ്ത്തിക്കിടത്തിയും എന്‍ഡോസ്‌കോപ്പി മലര്‍ത്തിക്കിടത്തിയും ചെയ്യുന്നതാണ്.
അനസ്‌തേഷ്യ കൊടുത്ത് രോഗിയെ മലര്‍ത്തിക്കിടത്തിയും കമഴ്ത്തിക്കിടത്തിയും മാറ്റി മാറ്റി ചെയ്യുമ്പോള്‍ രോഗരോഗികള്‍ക്ക് പരിക്കുപറ്റാന്‍ വരെ സാധ്യതയുണ്ട്. ഈ പ്രശ്‌നം എന്‍ഡോസ്‌കോപ്പിക് കമ്പൈന്‍ഡ് ഇന്‍ട്രോറീനല്‍ സര്‍ജറിയും (ഇ.സി.ഐ.ആര്‍.എസ്.) സുപൈന്‍ പി.സി.എന്‍.എല്‍ വഴിയും ചെയ്യുമ്പോള്‍ പരഹരിക്കപ്പെടും. ഞരമ്പുകളുടെ ചതവ് ഇല്ലാതാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ ദൈര്‍ഘ്യവും രോഗിയുടെ ക്ഷീണവും കുറയ്ക്കാന്‍ ഉതകുന്നതാണ് ഈ ചികിത്സ. ഈ ചികിത്സാരീതി കൂടുതല്‍ പ്രയോജനകരമാകുന്നത് ശ്വാസകോശ രോഗമുളളവര്‍, ഹൃദ്രോഗമുളളവര്‍, പ്രായക്കൂടുതലുളളവര്‍, നട്ടെല്ലിന് വളവുളളവര്‍ എന്നിവര്‍ക്കാണ്.
https://www.facebook.com/Malayalivartha