അസ്ട്രൽ പ്രൊജക്ഷൻ അഥവാ ഡ്രീം യോഗ : കെട്ടുകഥയോ യാഥാർഥ്യമോ ?

തിരുവനന്തപുരം നന്തൻകോട് കേഡൽ ജീൻസൺ രാജ് എന്ന യുവാവ് തന്റെ അമ്മയെയും അച്ഛനെയും കുഞ്ഞനുജത്തിക്കും ഒപ്പം ബന്ധുവിനെയും കൊലചെയ്തതോടെ കുപ്രസിദ്ധി നേടിയ വാക്കാണ് അസ്ട്രൽ പ്രൊജക്ഷൻ അഥവാ ഡ്രീം യോഗ . എന്താണ് അസ്ട്രൽ പ്രൊജക്ഷൻ? ഇതിനു ശാസ്ത്രീയമായി എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിച്ചു പ്രപഞ്ചത്തിന്റെ ഏതു കോണിലേക്കും സഞ്ചരിക്കുവാൻ പ്രാപ്തമാക്കുന്ന നിഗൂഢ ആഭിചാര ക്രിയയാണിത്. ഒബിഇ (Out of the body experience) എന്നു നമുക്ക് വിശേഷിപ്പിക്കാവുന്ന അവസ്ഥ അല്ലെങ്കിൽ സ്വന്തം ശരീരം വിട്ട് പുറത്തേക്കു സഞ്ചരിക്കുന്ന അസ്ട്രൽ ബോഡി ശരീരത്തിന്റെയും ബുദ്ധിയുടെയും മനസ്സിന്റെയും ആത്മാവിന്റെയും ഭാവങ്ങൾ ഉൾക്കൊള്ളുന്ന ഒരു രൂപമായിട്ടാണ് കരുതുന്നത്.
ലോകത്തുള്ള പല പ്രാചീന സംസ്കാരങ്ങളുടെയും നിഗൂഢ ശാസ്ത്രങ്ങളിലും ഇത്തരത്തിലുള്ള അസ്ട്രൽ പ്രൊജക്ഷനെക്കുറിച്ചുള്ള വിവരണങ്ങൾ കാണാം. പ്രാചീന ഭാരതത്തിൽ കൂട് വിട്ട് കൂട് മാറുക, പരകായ പ്രവേശം, ലിംഗ ശരീരം, അങ്ങനെ പല പേരുകളിലും ഈ വിദ്യ അറിയപ്പെടുന്നു.
തീവ്രമായ ധ്യാനത്തിലൂടെ ഏഴാം ചക്രമായ സഹസ്രാര ഉത്തേജിതമാകുമ്പോൾ മനുഷ്യന് ആസ്ട്രൽ പ്രൊജക്ഷൻ , ആസ്ട്രൽ ട്രാവൽ, ട്രാൻസ്മൈഗ്രേഷൻ എന്നീ കഴിവുകൾ സാധ്യമാണെന്നു പറയപ്പെടുന്നു.നമ്മുടെ പുരാണ കൃതികളിൽ പലയിടത്തും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മെഹർ ബാബ, ഓഷോ രജനീഷ്, പരമഹംസ യോഗാനന്ദ തുടങ്ങിയവരും ഇതിനെ കുറിച്ച് പറയുന്നുണ്ട്. പ്രാചീന യഹൂദ കബാല, ചൈനീസ് താന്ത്രിക വിദ്യ, പ്രാചീന ജാപ്പനീസ് നിഗൂഢ താന്ത്രിക വിദ്യ, പ്രാചീന ജാപ്പനീസ് നിഗൂഢ ആചാരങ്ങള്‍, തെക്കേ അമേരിക്കന്‍ ഗോത്ര വർഗ്ഗക്കാരുടെ നിഗൂഢ ശാസ്ത്രങ്ങൾ, പ്രാചീന ഈജിപ്ഷ്യൻ മന്ത്രവിദ്യ തുടങ്ങിയവയിലൊക്കെ ആസ്ട്രൽ പ്രൊജക്ഷന്റെ പല രൂപഭേദങ്ങളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്.
മനസ്സ് എന്നതുതന്നെ നമ്മുടെ മസ്തിഷ്കത്തിലെ ചില രാസപ്രവർത്തനങ്ങളുടെ ആകെ തുകയാണ് (Neural Firings) എന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അസ്ട്രൽ പ്രൊജക്ഷൻ എന്നത് മനുഷ്യ മസ്തിഷ്കത്തിലെ ചില ഉത്തേജനങ്ങള്‍ (Stimulation), മിഥ്യാ ദർശനങ്ങള്‍ (Hallucinations), മിഥ്യാഭ്രമങ്ങൾ (Delusion), സ്വപ്ന ഭാവനകൾ (Vivid Dreams) തുടങ്ങിയവയൊക്കെ മാത്രമാണെന്ന് മനഃശാസ്ത്രജഞന്മാർ തെളിയിച്ചിട്ടുണ്ട്.
നമ്മുടെ ശരീരത്തിലെ അന്നമയം, പ്രാണമയം എന്നിവ കഴിഞ്ഞുള്ള കാമമയകോശത്തെയാണ് ആസ്ട്രൽ ബോഡി എന്നു പറയുന്നത്. ഉണർന്നിരിക്കുമ്പോൾ ആസ്ട്രൽ ബോഡി ശരീരവുമായി വളരെക്കൂടുതൽ ഒട്ടിയിരിക്കുന്നതുകൊണ്ടാണത്രേ ഭൂരിപക്ഷംപേരും ശരീരബോധമുള്ളവരായി മാത്രം കാണുന്നത്. എന്നാൽ അഗാധ ധ്യാനത്തിലേർപ്പെടുമ്പോൾ ആസ്ട്രൽ ബോഡിയെ ശരീരത്തിൽനിന്നും ഉയർത്തി അതീന്ദ്രീയ സിദ്ധി ഉണർത്തി ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അവസ്ഥയിൽ ആസ്ട്രൽ ബോഡികൊണ്ട് കാഴ്ചകൾ കാണാൻ കഴിയുകയും വ്യക്തികളുടെ സൂക്ഷ്മ ശരീരത്തെപ്പോലും കാണാനും കഴിയുമത്രേ.
പ്രപഞ്ചത്തിന്റെ ഏതു കോണിലേക്കും സഞ്ചരിക്കാനും ബോധപൂർവ്വം കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിയുകയും ഇച്ഛാനുസരണം സ്വശരീരത്തിലേക്ക് തിരിച്ചു വരാനും കഴിയുമെന്നും മിസ്റ്റിക്കുകൾ വിശ്വസിക്കുന്നു. നിരന്തര പരിശ്രമം കൊണ്ട് അതീവ ശാന്തമായ അവസ്ഥയിൽ പ്രാപിക്കേണ്ട അവസ്ഥയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈ അനുഭവ പരീക്ഷണങ്ങളിൽ ഒന്നിൽ പോലും ഇവർ അവകാശപ്പെടുന്നത് പോലെ മറ്റു സ്ഥലങ്ങളിലെ കാഴ്ചകൾ തൽസമയം കാണാം എന്ന വാദം തെളിഞ്ഞിട്ടില്ല. എല്ലാം അവരുടെ ഭാവനയുടെയും ഓര്‍മകളുടെയും വിലാസങ്ങൾ മാത്രമാണ്.
തെറ്റിദ്ധാരണമൂലമോ, മനോവൈകല്യത്താലോ ആണ് ചിലർ ഇതിനുവേണ്ടി സാത്താൻ സേവയിലെത്തിപ്പെടുന്നതും കുറ്റകൃത്യങ്ങളിലേർപ്പെടുന്നതും.
മനസ്സും ശരീരവും ഏകാഗ്രമാക്കി തപസ്സനുഷ്ഠിച്ച യോഗിവര്യന്മാർക്കു സിദ്ധിച്ച ഈ കഴിവിനെ സാത്താൻ സേവയുടെ കൂട്ട് പിടിച്ചു കുറ്റകൃത്യങ്ങൾക്ക് മറയാക്കുന്നതിൽ യാതൊരു കാമ്പുമില്ല. അസ്ട്രൽ പ്രൊജക്ഷൻ പരീക്ഷിക്കുകയാണെന്ന് കാഡൽ പൊലീസിനോട് പറയുന്നുണ്ടെങ്കിലും സ്വന്തം ശരീരത്തിൽ അസ്ട്രൽ പ്രൊജക്ഷൻ പരീക്ഷിക്കാതെ സ്വന്തം കുടുംബാംഗങ്ങളെ നാലുപേരെ തല്ലി കൊന്ന് ചുട്ടുകരിച്ചിട്ട് ഒളിവിൽ പോയത് അസ്ട്രൽ പ്രൊജക്ഷൻ ആകുന്നതെങ്ങനെ?
ചില മനോരോഗങ്ങൾ, മയക്കുമരുന്നുകൾ, ചില വിഷ വാതകങ്ങൾ, ശ്വാസതടസ്സങ്ങള്‍ തുടങ്ങിയ കാരണങ്ങൾ ഒക്കെ ഇപ്രകാരമുള്ള ഒരു അനുഭൂതി സങ്കൽപ്പങ്ങൾ മനുഷ്യരിൽ സൃഷ്ടിക്കാറുണ്ട്. മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ചില മുഴകൾ പോലും ഇത്തരത്തിലുള്ള കടുത്ത കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുമെന്നു സൈക്കോളജിസ്റ്റുകൾ പറയുന്നു.
.
https://www.facebook.com/Malayalivartha