ഹൃദയാഘാതം : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർൻ എന്നു വിളിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്. കാരണങ്ങൾ മനസിലാക്കിയാൽ നല്ലൊരു പരിധിവരെ ഇതൊഴിവാക്കാമെന്നതാണ് സത്യം. അറ്റാക്കോ, അതു വന്നിട്ടു നോക്കാം എന്ന നിസാരഭാവമാണ് പലപ്പോഴും. ഈ നിസ്സാരഭാവവും അജ്ഞതയും പിന്നീട് ദുരന്തങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്യും. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി ഈ കാര്യങ്ങൾ അറിയൂ.
1 - എന്താണ് ഹൃദയാഘാതം ?
ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃദയപേശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും.
കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങിനെ ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത് .
രക്തക്കുഴലുകളിലെ ഈ തടസങ്ങൾ വർഷങ്ങൾ കൊണ്ടുണ്ടാകുന്നതാണ്.പ്രായം കൂടുന്നതനുസരിച്ചു സ്വാഭാവികമായും എല്ലാവരിലും ഈ കൊഴുപ്പടിയൽ സംഭവിക്കുന്നുണ്ട്.ചിലരിൽ പ്രതികൂലമായ കാരണങ്ങൾ മൂലം ഈ പ്രക്രിയ അതിവേഗത്തിലാകുകയും അത് ഹാർട്ടറ്റാക്കിന് കാരണമാവുകയും ചെയ്യുന്നു.
2- ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
ഹൃദയരക്തധമനികളില്‍ ബ്ലോക്ക് ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.
3 - എന്താണ് അന്‍ജൈന ?
ഹൃദയപേശികള്‍ക്ക് ആവശ്യത്തിനു രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേദനയാണ് അന്‍ജൈന. ഹൃദയധമാനികളിലുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ കണക്കാക്കാം . ആവശ്യത്തിനു രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയം വേദനയുടെ രൂപത്തില്‍ നമുക്ക് നൽകുന്ന സൂചനയാണ് അന്‍ജൈന എന്ന് പറയാം . നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയവും നേരിടുന്നത്
4 - അന്‍ജൈന എങ്ങനെയൊക്കെ അനുഭവപ്പെടാം ?
പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചില്‍ വലിയൊരു ഭാ രം കയറ്റിവച്ചത് പോലെ തോന്നുക, നെഞ്ചിരിച്ചിൽ,നെഞ്ചു വലിഞ്ഞുമുറുകുന്നത് പോലെ തോന്നുക, നെഞ്ചില്‍ നിന്ന് വേദന തോളുകള്‍, കഴുത്ത്, കൈകള്‍, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാകങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചിലും കയ്യിലുമായ് വേദന വരുന്ന 70 % പേരിലും അതിനു കാരണം ഹൃദ്രോഗം ആയിരിക്കും. ചിലര്‍ക്ക് നെഞ്ചു വേദനക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോള്‍ ഓക്കാനം, ചര്‍ദി, ശ്വാസംമുട്ടല്‍, തല കറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്
നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം.
സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല. മറിച്ച് ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീടേതെങ്കിലുമൊരവസരത്തില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്.
https://www.facebook.com/Malayalivartha