അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതിഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍ കഴിയുകയാണ്.
ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. സാമ്പിള്‍ മെഡിക്കല്‍ കോളജിലെ ലെവല്‍ ടു ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ന്ന് സാമ്പിള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചതായാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. പുണെയില്‍ നിന്നുള്ള ഫലം ഇന്ന് ലഭിക്കും. പുണെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണമാവുകയുള്ളൂ.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വെന്റിലേറ്ററിലാണ് രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അതിനിടെ മസ്തിഷ്‌കമരണം സംഭവിച്ചു. ഇതില്‍ സംശയം തോന്നിയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡി. കോളജിലേക്ക് അയച്ചത്.
അതേസമയം 2018ലാണ് കേരളത്തില്‍ ആദ്യമായി കോഴിക്കോട് പേരാമ്പ്രയില്‍ നിപ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് കേരളത്തില്‍ പലയിടങ്ങളില്‍ നിപ സ്ഥിരീകരിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha