മൊബൈല്‍ ആപ്പിലൂടെ സ്‌പേം കൗണ്ട് അറിയാം

പുരുഷന്റെ പ്രത്യുല്‍പ്പാദനത്തിനുളള കഴിവ് പരിശോധിക്കാന്‍ സെമന്‍ അനലൈസര്‍ എന്നപേരില്‍ ഒരു മൊബൈല്‍ ആപ്പ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇതൊരു സ്മാര്‍ട്ട് ഫോണ്‍ ആപ്പാണ്. വീട്ടില്‍ ഇരുന്നുതന്നെ സ്വസ്ഥമായും സ്വകാര്യമായും വന്ധ്യത പരിശോധന നടത്താന്‍ ഇതിലൂടെ സാധിക്കും. 98% കൃത്യതയോടെ ശുക്ലത്തിന്റെ ഗാഢതയും ബീജത്തിന്റെ ചലനവും വിശകലനം ചെയ്യാന്‍ വളരെ എളുപ്പമായി ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനു കഴിയുമെന്നു കണ്ടെത്തല്‍. ഇന്ന് നിലവിലുള്ള പുരുഷന്റെ പ്രത്യുല്പ്പാദന ക്ഷമത നിര്‍ണയിക്കാനുള്ള മാര്‍ഗങ്ങളെല്ലാം ചെലവു കൂടിയതും ഒരു ക്ലിനിക്കല്‍ സെറ്റിങ്ങില്‍ മാത്രം പരിശോധിക്കാവുന്നതുമാണ്. വീട്ടിലിരുന്നു തന്നെ പ്രെഗ്‌നന്‍സി ടെസ്റ്റുകള്‍ നടത്തുന്നതു പോലെ അത്രയും ലളിതമായും കുറഞ്ഞ ചെലവിലും മൊബൈല്‍ ആപ്പിലൂടെ സ്‌പേം കൗണ്ട് അറായാന്‍ സാധിക്കുമെന്ന് യുഎസിലെ മസാച്ചുസെറ്റ്‌സിലെ ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകനായ ഹാദി ഷാഫി പറയുന്നു.
ആശുപത്രി മുറികളില്‍ ശുക്ലസാമ്പിളുകള്‍ എടുക്കേണ്ടി വരുന്നത് പുരുഷന്മാര്‍ക്ക് സാധാരണയായി സമ്മര്‍ദം, വേവലാതി, ശുഭാപ്തി വിശ്വാസം ഇല്ലായ്മ, നിരാശ ഇവയെല്ലാം അനുഭവപ്പെടുന്ന സമയത്താണ്. ലോകത്താകമാനം വന്ധ്യത അനുഭവിക്കുന്നവര്‍ 45 ദശലക്ഷത്തിലധികം ദമ്പതിമാരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോഴുള്ള ക്ലിനിക്കല്‍ പരിശോധനകളെല്ലാം ലാബ് അടിസ്ഥാനമാക്കിയുള്ളതും സമയം എടുക്കുന്നതും സബ്ജക്ടീവും ആയിരിക്കും. എന്നാല്‍ മൊബൈല്‍ ആപ്പ് വഴിയുള്ള ഈ പരിശോധന ചെലവു കുറഞ്ഞതും കൃത്യതയുള്ളതുമാണ്. കൂടാതെ നേര്‍പ്പിക്കാത്ത കഴുകിക്കളയാത്ത ശുക്ല സാമ്പിളിന്റെ അഞ്ചുസെക്കന്റിന്റെ കുറയാത്ത വിഡിയോ വിശകലനവുമുണ്ട്.
സ്മാര്‍ട്ട്‌ഫോണിനോട് ഘടിപ്പിക്കാവുന്ന ഒരു ഒപ്റ്റിക്കല്‍ അറ്റാച്ച്‌മെന്റും സെമന്‍ സാമ്പിള്‍ ലോഡ് ചെയ്യാനായി ഡിസ്‌പോസിബിള്‍ ഉപകരണവും ചേര്‍ന്നതാണ് ഈ അനലൈസര്‍. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സിന്റെയും മൈക്രോഫാബ്രിക്കേഷന്റെയും വികാസം ഈ ടെസ്റ്റ് പ്രയോജനപ്പെടുത്തുന്നു.ഉപയോഗ ശേഷം കളയാവുന്ന ഒരു കാപ്പില്ലറി ടിപ്പും ഒരു റബര്‍ ബള്‍ബും ഉള്ള ഒരു മൈക്രോചിപ്പ് ആണ് സെമന്‍ സാമ്പിള്‍ വയ്ക്കാന്‍ ഉപയോഗിക്കുന്നത്. പരിശോധനയുടെ ഓരോ ഘട്ടത്തിലും ഉപയോഗിക്കുന്നയാള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനും ഗവേഷക സംഘം രൂപകല്‍പ്പന ചെയ്തു.
സ്‌പേം കൗണ്ട് അളക്കാന്‍ സ്മാര്‍ട്ട് ഫോണിനോട് വയര്‍ലെസ് ആയി ഘടിപ്പിക്കാവുന്ന വളരെ ചെറിയ വെയിറ്റ് സ്‌കെയില്‍ മാതൃകയും ഉണ്ട്. ഉപകരണത്തെ അപഗ്രഥിക്കാന്‍ ബോസ്റ്റണിലെ മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റല്‍ ഫെര്‍ട്ടിലിറ്റി സെന്ററിലെ 350 ക്ലിനിക്കല്‍ സെമന്‍ സ്‌പെസിമെനുകള്‍ ഗവേഷകര്‍ ശേഖരിച്ചു. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ബീജങ്ങളുടെ എണ്ണവും ചലനാത്മകതയും അടിസ്ഥാനമാക്കി അബ്‌നോര്‍മല്‍ സാമ്പിളുകളെ 98 ശതമാനം കൃത്യതയോടെ തിരിച്ചറിയാന്‍ സ്മാര്‍ട്ട്‌ഫോണ്‍ അടിസ്ഥാനമാക്കിയ ഈ ഉപകരണത്തിനു കഴിഞ്ഞു. ഈ അനലൈസര്‍ ഇപ്പോള്‍ ഒരു പ്രോട്ടോടൈപ്പിങ്ങ് ഘട്ടത്തിലാണ് എന്നും കുറച്ചു കൂടി പരിശോധനകള്‍ക്കു വിധേയമാക്കിയ ശേഷം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനു സമര്‍പ്പിക്കും എന്നും ഗവേഷകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha