ഹെയര്‍ ഡൈ തിരഞ്ഞെടുക്കുമ്പോള്‍

സ്ത്രീ-പൂരുഷ വ്യത്യാസമില്ലാതെ സൗന്ദര്യത്തില്‍ ഒഴിവാക്കാനാകാത്ത സ്ഥാനമാണ് ഹെയര്‍ഡൈകള്‍ക്ക് ഉളളത്. നര കറുപ്പിക്കുന്നതോടൊപ്പം മുടിക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്നതിനും ഹെയര്‍ഡൈകള്‍ ഉപയോഗിക്കുന്നുണ്ട്. ഏത് ഹെയര്‍ ഡൈ തിരഞ്ഞെടുക്കുമ്പോഴും ആദ്യം ശ്രദ്ധിക്കേണ്ടത് അതു സ്വന്തം ചര്‍മത്തിന് ഇണങ്ങുമോ എന്നാണ്. പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഡൈകളാണു തിരഞ്ഞെടുക്കുന്നതെങ്കിലും അതിലടങ്ങിയിരിക്കുന്ന ദൂഷ്യഫലങ്ങളുണ്ടാക്കുന്ന രാസവസ്തുക്കളുടെ പേര് കമ്പനി പായ്ക്കറ്റില്‍ രേഖപ്പെടുത്താറില്ല. മുടിക്ക് കൂടുതല്‍ കറുപ്പു നിറം പകരാനായി മിക്ക ഡൈകളിലും പാരാസിനഡിന്‍ഡൈയാമിന്‍ എന്ന രാസവസ്തു ചേര്‍ക്കാറുണ്ട്. ഇത് ഗുരുതരമായ ചര്‍മരോഗങ്ങളുണ്ടാക്കും.
ഇത്തരം ദോഷങ്ങളില്ലാതെ ഹെയര്‍ഡൈകള്‍ ഉപയോഗിക്കാനായാണ് ചിലര്‍ ഹെര്‍ബല്‍ ഡൈകള്‍ തേടിപ്പോകുന്നത്. എന്നാല്‍, എല്ലാ ഹെര്‍ബല്‍ ഡൈകളിലും പ്രകൃതിദത്ത വസ്തുക്കള്‍ മാത്രമല്ല അടങ്ങിയിരിക്കുന്നത്. ചിലതരം ഹെര്‍ബല്‍ ഡൈകളില്‍ ഹെന്ന അടങ്ങിയിട്ടുണ്ടാകും. ഒറിജിനല്‍ ഹെര്‍ബല്‍ഡൈ തിരിച്ചറിയാന്‍ മാര്‍ഗമുണ്ട്. ഒരു മഗിലോ ചെറിയ പാത്രത്തിലോ അല്പം പൊടിയെടുത്ത് വെള്ളം ചേര്‍ത്തു നോക്കുക. പൊടിയുടെ മുകള്‍ ഭാഗത്ത് ബ്രൗണ്‍ നിറമാണെങ്കില്‍ ഡൈയിലെ പ്രധാന ചേരുവ ഹെന്ന ആണെന്ന് ഉറപ്പിക്കാം.
എന്നാല്‍, കാപ്പിപ്പൊടിയുടെ നിറമാണുണ്ടാകുന്നതെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന പാരാസിനഡിന്‍ ഡൈയാമിന്‍ എന്ന രാസവസ്തു ആയിരിക്കും അതില്‍ അടങ്ങിയിട്ടുള്ളത്. ഈ ഡൈ ഉപയോഗിക്കാതിരിക്കുകയാണു നല്ലത്. കണ്‍പീലിയിലോ പുരികത്തിലോ ഹെയര്‍ ഡൈ ഉപയോഗിക്കരുത്. ഇതു കാഴ്ച ഇല്ലാതാക്കുന്നതിനു വരെ കാരണമാകാം. ഹെയര്‍ ഡൈയുടെ പായ്ക്കറ്റില്‍ ഉപയോഗക്രമം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതു പാലിക്കുക. കൂടുതല്‍ സമയം ഡൈ തലയില്‍ പുരട്ടി വച്ചാല്‍ കൂടുതല്‍ കറുക്കും എന്ന ധാരണ തെറ്റാണ്. ഡൈ ഉപയോഗിച്ച ശേഷം 25 മനിറ്റിനു ശേഷം ശുദ്ധജലത്തില്‍ ഡൈ കഴുകിക്കളയണം.
https://www.facebook.com/Malayalivartha