സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം കൂടിയാല്‍

സ്മാര്‍ട്ട്‌ഫോണ്‍ പലര്‍ക്കും ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഇല്ലെങ്കിലോ ബാറ്ററി തീര്‍ന്നലോ ചിലര്‍ക്ക് ആകെയൊരു അസ്വസ്ഥതയാണ്. സൂക്ഷിക്കുക നോമോഫോബിയ എന്നു വിളിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ സെപ്പറേഷന്‍ ആന്‍ക്‌സൈറ്റി ആകാം നിങ്ങള്‍ക്ക്. സ്മാര്‍ട്ട് ഫോണ്‍ കയ്യിലില്ലെങ്കില്‍ സെപ്പറേഷന്‍ ആന്‍ക്‌സൈറ്റി ബാധിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുന്നുവെന്നു ഗവേഷകര്‍. സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷനാണ് ഈ ഉത്കണ്ഠ ഉണ്ടാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ അടുത്തില്ലെങ്കില്‍ വര്‍ധിച്ച ഹൃദയമിടിപ്പ്, ഉത്കണ്ഠ, രക്തസമ്മര്‍ദം ഇവയെല്ലാം നോമോഫോബിയ ബാധിച്ചവരില്‍ ഉണ്ടാകാം. സ്മാര്‍ട്ട് ഫോണിനെ തങ്ങളുടെ ശരീരത്തിന്റെ ഭാഗമായി കാണുന്നവര്‍ ഇതിനോടു കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഫോണ്‍ അടുത്തില്ലെങ്കില്‍ അതു നോമോഫോബിയയിലേക്കു നയിക്കുന്നുവെന്ന് ഹോങ്‌കോങ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടു.
സ്മാര്‍ട്ട് ഫോണുകള്‍ വ്യക്തിപരമായ ഓര്‍മകളെ ഉണര്‍ത്തുന്നതിനാല്‍ ഇത് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ വ്യക്തിത്വത്തെ സ്മാര്‍ട്ട് ഫോണിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. ഫോണുകളെ തന്റെ തന്നെ ഭാഗമായി കാണുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അതിനോട് അടുപ്പമുണ്ടാവുന്നു. ലഭ്യമായ സൗകര്യങ്ങള്‍ കൂടുന്തോറും ഇതിനോടുള്ള ആശ്രിതത്വവും കൂടുന്നു. സ്മാര്‍ട്ട് ഫോണിനൊപ്പം ചെലവഴിക്കുന്ന സമയം കൂടുന്തോറും നോമോഫോബിയയും വ്യാപകമാകുന്നു. വ്യക്തിപരമായ ഓര്‍മകള്‍, ഉപയോഗിക്കുന്നയാള്‍ക്ക് ഫോണിനോടുള്ള അടുപ്പം ഇവയാണ് നോമോഫോബിയ അഥവാ ഫോണ്‍ എപ്പോഴും അടുത്തുണ്ടാകണം എന്ന സ്വഭാവത്തിലേക്കു നയിക്കുന്നത്. ഈ ഘടകങ്ങളെ തിരിച്ചറിയാന്‍ ഗവേഷകര്‍ ഒരു മാതൃക വികസിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ നല്ല ഓര്‍മകള്‍, അടുപ്പം, എപ്പോഴും ഫോണ്‍ അടുത്തുണ്ടാകണം എന്ന സ്വഭാവം, നോമോഫോബിയ ഇവ അളക്കാന്‍ ഒരു ഓണ്‍ലൈന്‍ സര്‍വേയും തയാറാക്കി.
നമ്മുടെ ഹൈടെക് ജീവിത രീതി നമുക്കു സമ്മാനിച്ച എല്ലാ ഉത്കണ്ഠകളെയും സാധാരണ ഭയങ്ങള്‍ (ഫോബിയ) പോലെതന്നെ കാണേണ്ടതാണെന്ന് യു എസിലെ ഇന്ററാക്ടീവ് മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടിലെ ബ്രെന്ദ കെ വെയ്ഡര്‍ഫോര്‍ഡ് പറയുന്നു. എക്‌സ്‌പോഷര്‍ തെറാപ്പി അതായത് താല്‍ക്കാലികമായി എല്ലാ ടെക്‌നോളജിയും ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കുക വഴി ഉത്കണ്ഠ കുറയ്ക്കാനും ഫോണ്‍ ഇല്ലാത്തപ്പോഴും കംഫര്‍ട്ടബിള്‍ ആകാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ഫോണിന് ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനാവും എങ്കിലും അമിതോപയോഗം, ആശ്രിതത്വം അഡിക്ഷന്‍ തുടങ്ങിയ ദോഷങ്ങളും ഉണ്ട്. അതില്‍ ഒടുവിലത്തേതാണ് ഉത്കണ്ഠ സമ്മാനിക്കുന്ന നോമോഫോബിയ.
https://www.facebook.com/Malayalivartha