കിടിലന്‍ കവുങ്ങ് കൊട്ടാരം; ചെലവ് വെറും 18 ലക്ഷം

മുള വച്ച് വാര്‍ക്കുന്ന ടെക്‌നിക് കേരളത്തില്‍ പ്രചാരത്തിലാക്കിയ വയനാട്ടിലെ കല്പറ്റയ്ക്കടുത്ത് കാരാപ്പുഴ സ്വദേശിയായ ജോര്‍ജ് വ്യത്യസ്ത വഴികളിലൂടെ നടക്കാനാഗ്രഹിക്കുന്ന എന്‍ജിനീയറാണ്. കമ്പിയുടെ വില അന്തമില്ലാതെ മുകളിലേക്ക് പോയ ഘട്ടത്തില്‍ പലര്‍ക്കും ആശ്വാസമായിരുന്നു ആ വാര്‍ത്ത. തുടര്‍ന്ന് നിരവധി പേര്‍ കമ്പിക്കു പകരം മുള പരീക്ഷിക്കാന്‍ സന്നദ്ധരായി. അങ്ങനെ നിരവധി പേര്‍ക്ക് മുളവീടുകള്‍ നിര്‍മിച്ച് നല്കിയ ജോര്‍ജ് ഒടുവില്‍ സ്വന്തമായി ഒരു വീട് വച്ചു. പക്ഷേ അതില്‍ മുള ഉപയോഗിച്ചത് പേരിനു മാത്രം !
വീട് വയ്ക്കാനുളള ആലോചനകള്‍ മുറുകി വരുന്നതിനിടെ വയനാട്ടിലെ മുളകള്‍ മുഴുവനും പൂക്കുന്ന സമയമെത്തി. പൂവിട്ട മുളകള്‍ നിര്‍മാണത്തിനുപയോഗിക്കാന്‍ കൊളളില്ല. വീട് പണി മാറ്റി വയ്ക്കാനും നിവൃത്തിയില്ല. അങ്ങനെ തലപുകഞ്ഞ ആലോചനകള്‍ക്കിടയിലാണ് പ്ലോട്ടിലെ കവുങ്ങുകള്‍ ജോര്‍ജിന് ക്ലൂ നല്‍കി തലയാട്ടിയത്. അങ്ങനെ മുളയെ സൂപ്പര്‍താരമാക്കിയ ആള്‍ സ്വന്തം നിര്‍മാണത്തില്‍ കവുങ്ങിന് ചാന്‍സ് കൊടുത്തു.
കവുങ്ങ് വെട്ടിയെടുത്ത് നേരെയങ്ങ് പണി തുടങ്ങാന്‍ പറ്റില്ല. ശരിയായ രീതിയില്‍ സംസ്‌കരിച്ചെടുത്ത് ബലം കൂട്ടണം. ബോറിക് ആസിഡ്, ബൊറാക്‌സ് ഡിഹൈഡ്രേറ്റ് തുടങ്ങിയവയുടെ മിശ്രിതത്തില്‍ കവുങ്ങിന്‍ തടികള്‍ 48 മണിക്കൂര്‍ മുക്കി വയ്ക്കും. 35 മുതല്‍ 40 അടി വരെ നീളമുളള കവുങ്ങിന്‍ തടികളാണ് ഇത്തരത്തില്‍ ബലപ്പെടുത്തിയത്. പ്ലോട്ടില്‍ തന്നെ നീളന്‍ കുഴിയെടുത്താണ് തടികള്‍ സംസ്‌കരിച്ചത്.
ഒരു കവുങ്ങിനെത്തന്നെ 10 ചീളുകളായി മുറിച്ചാണ് നിര്‍മാണ സജ്ജമാക്കിയത്. അടിത്തറയൊരുക്കിയതു മുതല്‍ വേറിട്ട വഴികളിലൂടെയാണ് ജോര്‍ജ് സഞ്ചരിച്ചത്. പുറംഭിത്തി വരുന്ന ഭാഗങ്ങളില്‍ മാത്രമേ കുഴിയെടുത്ത് കല്ല് കെട്ടിയുളളൂ. ഉളളിലെ ഭാഗങ്ങള്‍ക്ക് ഭൂമി തന്നെ അടിത്തറ. സാധാരണ വീടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാരം നന്നേ കുറവായതിനാലാണ് ഇങ്ങനെ ചെയ്തത്. നല്ലൊരു തുക ലാഭിക്കാനായി.
കവുങ്ങിന് പുറമേ മറ്റൊരാള്‍ക്ക് കൂടെ ചാന്‍സ് ലഭിച്ചു. വളരെ വേഗം ജനമനസ്സിലിടം പിടിച്ച ഫെറോസിമന്റിന്. വീടിന്റെ വാര്‍പ്പ് പണി മുഴുവന്‍ ചെയ്തത് ഫെറോസിമന്റ് ഉപയോഗിച്ചാണ്. സിമന്റ്, മണല്‍, ബേബി ജെല്ലി എന്നിവയാണ് ഫെറോസിമന്റിന്റെ പ്രധാന ചേരുവകള്‍.
ഇഷ്ടിക കൊണ്ട് 10 പില്ലര്‍ നിര്‍മിക്കുകയായിരുന്നു ആദ്യപടി. അതില്‍ കവുങ്ങിന്‍ തടികള്‍ പിടിപ്പിച്ച് വീടിന്റെ ഡമ്മി ഉണ്ടാക്കി. തുടര്‍ന്ന് അവയില്‍ 'ചിക്കന്‍മെഷ്' പിടിപ്പിച്ചു. ഇതിനു മുകളിലാണ് ഫെറോസിമന്റ് ഉപയോഗിച്ച് വാര്‍ത്തത്. സ്‌ക്വയര്‍ഫീറ്റിന് 60 രൂപയ്ക്കടുത്ത് ചെലവായി. ചിക്കന്‍മെഷ് നല്കിയ സമയത്ത് തന്നെ പ്ലംബിങ്, വയറിങ് എന്നിവയ്ക്കുളള പൈപ്പുകളും ഇട്ടു. ജനലിനും, വാതിലിനുമുളള സ്‌പേസ് ഒഴിച്ചിട്ടാണ് ഫ്രെയിം വര്‍ക്ക് ചെയ്തത്.
കവുങ് പ്രകൃതിദത്തമായ സാമഗ്രിയായതിനാല്‍ ചില്ലറ ന്യൂനതകളുണ്ട്. ഇഷ്ടമുളള ഏതു ഡിസൈനും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ മുകളില്‍ 'ഡോം' വരുന്ന തരം രൂപകല്പനയാണ് വീടിനായി സ്വീകരിച്ചത്. ഈ ഡിസൈനില്‍ ഭിത്തിയും മേല്ക്കൂരയും രണ്ടല്ല, ഒന്നാണ്. ഭിത്തി നിര്‍മാണം പുരോഗമിച്ച് മുകളിലേക്ക് വരുമ്പോള്‍ മേല്‍ക്കൂരയായി മാറുന്ന കാഴ്ചയാണിവിടെ കാണുക. ജോയിന്റുകളും മൂലകളും ബന്ധിപ്പിക്കാന്‍ 200 കിലോയില്‍ താഴെ കമ്പിയേ വേണ്ടി വന്നുളളൂ. എല്ലാ ഭിത്തികളിലും കനംകുറച്ച് സിമന്റ് പ്ലാസ്റ്ററിങ്ങും ചെയ്തിട്ടുണ്ട്. വിവിധ ഉള്‍ഭിത്തികളുടെ കനം രണ്ടര മുതല്‍ മൂന്നര ഇഞ്ചാണ്.
ഇന്റീരിയറിലെ പ്രധാന പട്ടത്തിന് സ്‌റ്റെയര്‍ കെയ്‌സ് തന്നെ അവകാശി. വളഞ്ഞ് പുളഞ്ഞ് പോകുന്ന കോണിയുടെ പടികള്‍ പ്ലാവിന്‍ തടിയാണ്. കാസറീന(Causarina) എന്ന മരത്തിന്റെ തടി കൊണ്ടാണ് കൈവരികള്‍ നിര്‍മ്മിച്ചത്. ഈ കോണിയുടെ ചുറ്റുമായിട്ടാണ് വീടിനെ വിന്യസിച്ചതെന്നു പറഞ്ഞാലും തെറ്റില്ല. വിശാലമായ ഹാളിന്റെ ഒരറ്റത്തായി അടുക്കളയും ഡൈനിങ് ഏരിയായും കാണാം. 28.5 അടിയാണ് ഹാളിന്റെ ഉയരം. തറ മുതല്‍ സീലിങ് വരെ മുട്ടി നില്ക്കുന്ന ഒരു തടിയും അലങ്കാരമായി ഹാളില്‍ നല്കിയിട്ടുണ്ട്. സ്റ്റാര്‍ ആപ്പിള്‍ എന്ന മരത്തിന്റെ തടിയാണിത്.
കോണ്‍ക്രീറ്റ് വാര്‍ക്ക ഉപയോഗിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഒന്നാംനില എങ്ങനെ നിര്‍മിച്ചു എന്നറിയേണ്ടേ? പഴയ വീടുകള്‍ക്ക് ചെയ്യുന്ന പോലെ തടിമച്ച് പണിതു. അതില്‍ ചിക്കന്‍മെഷ് വിരിച്ചശേഷം വുഡന്‍ ഫ്‌ലോറിങ് ചെയ്തു. താഴത്തെ ചില മുറികളില്‍ ഫോള്‍സ് സീലിങ് ചെയ്തിട്ടുണ്ട്. പ്രകാശവും വായുവും കടന്നു വരാന്‍ നല്കിയ വലിയ ദ്വാരങ്ങളും ഡിസൈനിന്റെ ഭാഗമാകുന്നുണ്ട് ഈ വീട്ടില്‍.
പ്രധാന വാതില്‍ നിര്‍മിച്ചത് ഇരുള്‍തടി കൊണ്ടാണ്. കുന്നി, ശീമക്കൊന്ന തുടങ്ങിയവയും വാതില്‍, ജനാല നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. രണ്ട് മീറ്റര്‍ വീതിയില്‍ മൂന്ന് പാളി ജനലാണ് ഇവിടെ നല്കിയത്. ഈ ഡിസൈനിലൂടെ 40 ശതമാനം തടി കുറയ്ക്കാനായി.
പഴയ ആളായ മുളയെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ ജോര്‍ജിന് കഴിയില്ല. അങ്ങനെ വീട്ടിലെ പല ഫര്‍ണിച്ചറും മുള കൊണ്ട് നിര്‍മിച്ചു. മാസ്റ്റര്‍ ബെഡ്‌റൂമിലെ കിങ് സൈസ് മുള കട്ടിലിന് 13,000 രൂപയേ ചെലവായുളളൂ. ചില തൂണുകളുടെ ഉളളിലും മുള നല്കിയിട്ടുണ്ട്. ലാംപ് ഷേഡുകളെല്ലാം മുള കൊണ്ടുളളതാണ്.
https://www.facebook.com/Malayalivartha