ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്; കേരളത്തിൽനിന്നുള്ള പതിനായിരക്കണക്കിന് പ്രവാസികളെ അനിശ്ചിതത്വത്തിലാക്കി, പതിനായിരക്കണക്കിന് പ്രവാസികൾ നിലവിൽ ദുബൈയിൽവന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ ദിനങ്ങളെണ്ണി കാത്തിരിക്കുന്നു

പ്രവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതൽ താൽക്കാലിക വിലക്കേർപ്പെടുത്തി. ഇത് കേരളത്തിൽനിന്നുള്ള പതിനായിരക്കണക്കിന് പ്രവാസികളെ അനിശ്ചിതത്വത്തിലും ആശങ്കയിലുമാക്കിയിരിക്കുകയാണ്. കൊറോണ വ്യാപനം സൃഷ്ടിച്ച ആഘാതം മറികടക്കും മുമ്പാണ് വീണ്ടും കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്. കോവിഡ് കേസുകൾ വീണ്ടും സൗദിയിൽ വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇപ്പോൾ താൽക്കാലിക യാത്രാവിലക്ക് നിലവിൽവന്നത്. നേരത്തേ പൂർണമായും നിലനിന്നിരുന്ന യാത്രാവിലക്ക് മാസങ്ങൾക്ക് മുമ്പാണ് പുനരാരംഭിച്ചിരുന്നത്.
അപ്പോഴും ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് മാറ്റിയിരുന്നില്ല. ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു നേരിട്ട് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അതിനാൽ തന്നെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ 75,000 രൂപയോളം മുടക്കി ദുബൈ വഴിയും മറ്റും 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കുകയും, പിന്നെ സൗദിയിലേക്ക് കടക്കുകയുമാണ് ചെയ്തിരുന്നത്.
കൊറോണ വ്യാപനത്തെ തുടർന്നുള്ള സാഹചര്യത്തിൽ ജോലി ഇല്ലാതെ ൈകയിൽ പണമില്ലാഞ്ഞിട്ടും റീ-എൻട്രി, ഇഖാമ കാലാവധി തീരുന്നതിനുമുമ്പ് സൗദിയിലെത്തുന്നതിനായി പലരിൽ നിന്നും കടം വാങ്ങിയും ലോൺ എടുത്തുമൊക്കെയാണ് ഇത്തരക്കാർ സൗദിയിലെത്തിച്ചേർന്നത്. പതിനായിരക്കണക്കിന് പ്രവാസികൾ നിലവിൽ ദുബൈയിൽവന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ തങ്ങളുടെ ക്വാറന്റൈൻ ദിനങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ഇവരെ വീണ്ടും ദുരിതത്തിലാക്കി പുതിയ യാത്രാവിലക്ക് നിലവിൽ വന്നത്. ഇനി എന്തുചെയ്യുമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് ഇവരെല്ലാവരും.
https://www.facebook.com/Malayalivartha