ഗൾഫ് യാത്രയ്ക്ക് ഇനി മുതൽ പുതിയ ഇളവുകളും നിയന്ത്രണങ്ങളും ; പ്രഖ്യാപനവുമായി അതോറിറ്റികൾ

ഗൾഫിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളിൽ പലരീതിയിലുള്ള മാറ്റങ്ങളും വരുത്തിയിരുന്നു. അടുത്തിടെ ഗൾഫ് യാത്രയ്ക്ക് പുതിയ ഇളവുകളും നിയന്ത്രണങ്ങളും അതോറിറ്റികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. അത് ഇതൊക്കെയാണ്. പുറപ്പെടുന്നതിന് മുൻപ് വ്യോമയാന രംഗത്തെ പുതിയമാറ്റങ്ങൾ സസൂക്ഷ്മം അറിഞ്ഞിരിക്കണമെന്ന് അധികാരികൾ ഓർമപ്പെടുത്തുന്നുണ്ട്. കോവിഡ് പരിശോധന നടത്തുന്നതുമുതൽ യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റിൽ കയറി മാറ്റങ്ങൾ പരിശോധിക്കണം. അല്ലെങ്കിൽ എയർലൈനിൽ വിളിച്ചന്വേഷിച്ചോ വിശ്വസ്തരായ ട്രാവൽ ഏജന്റിനോട് അന്വേഷിച്ചോ യാത്ര പ്ലാൻ ചെയ്യണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുതുതായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുപ്രകാരം ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാക്കിയിട്ടുണ്ട്. യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് പോകണമെങ്കിൽ ഇനിമുതൽ പരിശോധനാഫലം കൈയിൽ കരുതണം. കൂടാതെ എയർ സുവിധയിൽ പരിശോധനാഫലം അപ്‌ലോഡ് ചെയ്യുകയും വേണം. തിങ്കളാഴ്ച രാത്രി മുതൽ പുതിയ നിബന്ധന നിലവിൽ വരും.
ദുബായിലേക്ക് എയർഇന്ത്യാ എക്സ്‌പ്രസിൽ വരുന്ന ഇന്ത്യക്കാരുടെ കോവിഡ് നെഗറ്റീവ് റിപ്പോർട്ടിൽ ക്യൂ. ആർ. കോഡ് ഉണ്ടായിരിക്കണം എന്നതാണ് അധികൃതർ പുതുതായി നൽകുന്ന മറ്റൊരു നിർദേശം. അതുപോലെ ദുബായിലേക്ക് വരാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്‌സി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആർ.എഫ്.എ.) അനുമതി ആവശ്യമില്ലെന്ന് യു.എ.ഇ. ദേശീയ വിമാനക്കമ്പനി എമിറേറ്റ്‌സ് എയർലൈൻസ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐ.സി.എ.) അനുമതിയില്ലാതെ എയർ അറേബ്യയിൽ ഷാർജയിലേക്കും വരാം. എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്‌ളൈ ദുബായിലും ഈ ഇളവുണ്ട്. ദുബായിലേക്ക് ജി.ഡി.ആർ.എഫ്.എ., ഐ.സി.എ. അനുമതി ആവശ്യമില്ലെന്നും കോവിഡ് പി.സി.ആർ. നെഗറ്റീവ് ഫലം മാത്രം മതിയെന്നുമാണ് സർക്കുലറിലുള്ളത്. അതേസമയം ഇക്കാര്യത്തിൽ ജി.ഡി.ആർ.എഫ്.എ., ഐ.സി.എ. വിഭാഗങ്ങളിൽനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























