യുവാക്കൾക്ക് മികച്ച അവസരം നൽകി ദുബായ്; മികച്ച കോഡര്‍മാര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള കോഡിങ് ചലഞ്ച് പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഗോള്‍ഡന്‍ വിസയ്ക്ക് പിന്നാലെ പ്രവാസികളെ കാത്തിരിക്കുന്നത്

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും ദുബായ് മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. വിവിധ വാഗ്ദാനങ്ങൾ നൽകി പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ മികച്ച പ്രവർത്തനം ഉണ്ടാക്കുവാനും കൂടുതൽ അവസരങ്ങൾ നൽകുകയാണ് അധികൃതർ. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്....
ഒരു ലക്ഷം മികച്ച കോഡര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപനത്തിന് പിന്നാലെ 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള കോഡിങ് ചലഞ്ച് പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രംഗത്ത് എത്തിയിരിക്കുകയാണ്.
'വണ്‍ മില്യണ്‍ അറബ് കോഡേഴ്സിന്റെ' ബിരുദം നേടിയവരെയാണ് പുതിയ പ്രോജക്ടുകള്‍ സമര്‍പ്പിച്ച് സമ്മാനം നേടാന്‍ ശൈഖ് മുഹമ്മദ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദിന്റെ ഇത്തരത്തിലുള്ള പ്രഖ്യാപനം. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 10 ലക്ഷം ഡോളറും രണ്ടാം സ്ഥാനത്തെത്തുന്ന അഞ്ചു പേര്‍ക്ക് 50,000 ഡോളര്‍ വീതവും മികച്ച നാല് പരിശീലകര്‍ക്ക് 25,000 ഡോളര്‍ വീതവും സമ്മാനം നല്‍കുന്നതാണ്. താല്‍പര്യമുള്ള കോഡര്‍മാര്‍ 'വണ്‍ മില്യണ്‍ അറബ് കോഡേഴ്സിെന്‍റ' വെബ്സൈറ്റ് വഴി (www.arabcoders.ae) പ്രോജക്ടുകള്‍ സമര്‍പ്പിക്കണം.
ഇതിനുപിന്നാലെ കോഡിങ്ങിലും സാങ്കേതികവിദ്യയിലും വിദഗ്ധരായ ജൂറിയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. എക്സ്പോ 2020യുടെ വേദിയില്‍ ഈ വര്‍ഷം അവസാനം വിജയിയെ പ്രഖ്യാപിക്കുന്നതാണ്. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ (ഡി.എഫ്.എഫ്) നേതൃത്വം നല്‍കുന്ന പദ്ധതി ലോകത്തിലെതന്നെ ഏറ്റവും വലിയ കോഡേഴ്സ് പദ്ധതിയാണ്. അറബ് ലോകത്തെ 10 ലക്ഷം യുവജനങ്ങളെ കോഡിങ് പഠിപ്പിക്കുകയാണ് ലക്ഷ്യം. യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും രാജ്യത്തിന്റെ ഭാവി അവരുടെ കൈകളിലാണെന്നും ശൈഖ് മുഹമ്മദ് പറയുകയുണ്ടായി.
അതോടൊപ്പം തന്നെ സാങ്കേതികമേഖലയുടെ ലോകത്തേക്ക് കുതിക്കാന്‍ ആഗ്രഹിക്കുന്ന പ്രതിഭകളെ സ്വാഗതം ചെയ്യുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനകം ലക്ഷം പ്രോഗ്രാമേഴ്സിനെയും കോഡേഴ്സിനെയും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2017ലാണ് 'വണ്‍ മില്യണ്‍ അറബ് കോഡേഴ്സ്' പദ്ധതി പ്രഖ്യാപിച്ചത്.
80ഓളം രാജ്യങ്ങളിലെ ആയിരത്തോളം പേര്‍ ഇതിന്റെ ഭാഗമായി മാറിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷം കോഡര്‍മാര്‍ക്ക് യു.എ.ഇ 10 വര്‍ഷ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് കഴിഞ്ഞദിവസം ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിക്കുകയുണ്ടായി. ഡിജിറ്റല്‍ കമ്പനികള്‍ സ്ഥാപിക്കാനും പുതിയ ആശയങ്ങളും പദ്ധതികളും വികസിപ്പിക്കാനും സംരംഭകര്‍ക്കും സോഫ്റ്റ്വെയര്‍ ഡെവലപര്‍മാര്‍ക്കും സാമ്പത്തികസഹായം നല്‍കാനും അധികൃതർ തീരുമാനിച്ചിരുന്നു.
ഇതിലൂടെ ഡിജിറ്റല്‍ വിദഗ്ധരെ വാര്‍ത്തെടുക്കുകയും വമ്പന്‍ കമ്പനികളുടെ ആസ്ഥാനമാക്കി ദുബായിയെ മാറ്റാനും ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അന്തരാഷ്ട്രതലത്തിലെ ഡിജിറ്റല്‍ ഭീമന്‍മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഫേസ്ബുക്ക്, സിസ്കോ, ഐ.ബി.എം, എച്ച്.പി.ഇ, ലിങ്കെഡിന്‍ തുടങ്ങിയവുമായി സഹകരിച്ചാണ് കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിന് പദ്ധതി നടപ്പാക്കുക. അഞ്ചുവര്‍ഷത്തിനകം ഒരു ലക്ഷം സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെ പരിശീലിപ്പിക്കുകയും ആകര്‍ഷിക്കുകയും 1000 വമ്പന്‍ ഡിജിറ്റല്‍ കമ്പനികള്‍ വികസിപ്പിക്കുകയും ചെയ്യലാണ് പദ്ധതിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























