ഒമാനിൽ നാളെ മുതൽ സമ്പൂര്‍ണ ലോക്ഡൗണ്‍; ഹൈപര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വന്‍ തിരക്ക്, ആളുകള്‍ വന്‍തോതിലാണ് സാധനങ്ങള്‍ വാങ്ങി കൂട്ടിയത് ക്ഷാമത്തിന് കാരണമായി, കർശന നിർദ്ദേശങ്ങളുമായി അധികൃതർ

ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ നാലു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ ആരംഭിക്കാനിരിക്കെ ഹൈപര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെടുകയുണ്ടായി. ഇതിനുപിന്നാലെ ആളുകള്‍ വന്‍തോതിലാണ് സാധനങ്ങള്‍ വാങ്ങി കൂട്ടിയത്. ഇതോടൊപ്പം വിപണിയിലെത്തിയ സാധനങ്ങളുടെ അളവില്‍ കുറവുണ്ടായതും ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമത്തിന് കാരണമായി മാറി.
ഫ്രഷ് ചിക്കന്‍, മുട്ട, ചില ഇനം പച്ചക്കറികള്‍, സ്നാക്സ് ഇനത്തില്‍ ചിപ്സുകള്‍ തുടങ്ങിയവയാണ് പല സ്ഥാപനങ്ങളിലും ക്ഷാമം വന്നത്. ഇതിനുപിന്നാലെ വെള്ളം ആളുകള്‍ വലിയ തോതില്‍ വാങ്ങി കൂട്ടുന്നുണ്ടെങ്കിലും മാര്‍ക്കറ്റില്‍ സുലഭമായതിനാല്‍ തന്നെ ക്ഷാമമില്ല. ഫ്രഷ് ചിക്കന്‍, മുട്ട എന്നിവക്ക് ക്ഷാമം അനുഭവപ്പെടാന്‍ പ്രധാന കാരണം ആളുകള്‍ അമിതമായി ഉല്‍പന്നങ്ങള്‍ വാങ്ങി കൂട്ടുന്നതും ഉല്‍പാദനം കുറഞ്ഞതുമാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. പച്ചക്കറികളുടെ ഇറക്കുമതി കുറഞ്ഞതോ ഓര്‍ഡറുകള്‍ നീട്ടിവെക്കുകയോ ചെയ്തതിനാല്‍ ചില ഇനം പച്ചക്കറികളും മാർക്കറ്റിൽ കിട്ടാനില്ല.
അതോടൊപ്പം തന്നെ ഫ്രഷ് ചിക്കന്‍ നാലു ദിവസത്തെ കാലാവധി മാത്രമാണ് ഉള്ളത്. ലോക്ഡൗണ്‍ വരുന്നതിനാല്‍ ഉല്‍പാദിപ്പിക്കുന്നവ വിറ്റഴിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം വരുമെന്ന് ഭയന്നാണ് പല കമ്പനികളും ഉല്‍പാദനം കുറച്ചതെന്നും കരുതുന്നു. ചില ഇനം പച്ചക്കറികള്‍ക്കും ഇതേ അവസ്ഥയാണ് ഉള്ളത്. സമ്പൂർണ ലോക്ക് ഡൗൺ വരുന്നതിനാല്‍ തന്നെ തിങ്കളാഴ്ച നാല് മണിക്ക് മുമ്പ് പച്ചക്കറികള്‍ വിറ്റഴിഞ്ഞില്ലെങ്കില്‍ കേടുവരുമെന്ന് കരുതിയാണ് ചില സ്ഥാപനങ്ങള്‍ പച്ചക്കറി വില്‍പനക്ക് എത്തിക്കുന്നത് കുറച്ചത്. നാലു ദിവസം വീട്ടില്‍ തന്നെ കഴിയേണ്ടിവരുമെന്നതിനാല്‍ സമയം ചെലവിടാന്‍ പലരും ചിപ്സ് അടക്കമുള്ളവ വാങ്ങി കൂട്ടുന്നതിനാല്‍ ഇൗ ഇനങ്ങള്‍ വെച്ചിരിക്കുന്ന റാക്ക് പല ഹൈപര്‍മാര്‍ക്കറ്റുകളിലും കാലിയായി കിടക്കുകയാണ്.
നാലു ദിവസത്തെ ലോക്ഡൗണിന് കരുതലായി ആളുകൾ വാങ്ങികൂട്ടുന്നത് ആഴ്ചകള്‍ക്കുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളാണെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍, മവേല മാര്‍ക്കറ്റില്‍ എല്ലാ ഇനം പച്ചക്കറികളും സുലഭമാണെന്നും എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ മൂലം കേടുവരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാപാരികള്‍ വാങ്ങുന്നത് കുറച്ചിട്ടുണ്ടെന്നും പഴം-പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറയുകയുണ്ടായി.
എന്നാൽ ആള്‍ക്കൂട്ടം കൂടുതലാണെങ്കിലും മുന്‍ വര്‍ഷത്തെ പകുതി കച്ചവടം പോലുമില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പെരുന്നാള്‍ കച്ചവടത്തിെന്‍റ ഭാഗമായ തുണിത്തരങ്ങള്‍, ഗിഫ്റ്റുകള്‍, പാവകള്‍, ചോക്ലേറ്റ് ഇനങ്ങള്‍ എന്നിവ വാങ്ങാൻ ആരും തീരെ മുതിരുന്നില്ല. ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ മാത്രമാണ് ഇപ്പോൾ വാങ്ങുന്നത്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ മാത്രം വിറ്റാല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ അല്ലാത്തവയുടെ വ്യാപാരം 2019നെ അപേക്ഷിച്ച് 70 ശതമാനം കുറവാണെന്ന് ഹൈപര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ പറയുകയുണ്ടായി.
അതേസമയം വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിതമായി നില്‍ക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇൗദ് ആഘോഷം സുരക്ഷിതമാവാന്‍ എല്ലാവരും ഒന്നിച്ച് ശ്രമിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ഹൈപര്‍മാര്‍ക്കറ്റുകള്‍ കോവിഡ് വ്യാപനം തടയുന്നതിന് എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ട്. ആളുകളെ ഉള്ളില്‍ കടത്തുന്നതിനടക്കം കര്‍ശന നിയന്ത്രണങ്ങളാണ് ഹൈപര്‍മാര്‍ക്കറ്റുകള്‍ നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha


























