പെരുന്നാൾ നിറവിൽ ഗൾഫ് രാഷ്ട്രങ്ങൾ; സൃഷ്ടിക്ക് ചെയ്യാൻ കഴിയാത്തതൊന്നും സ്രഷ്ടാവ് ആവശ്യപ്പെടില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ബലിപെരുന്നാൾ, തനിക്കുമാത്രമല്ലാതെ മറ്റുള്ളവർക്കുവേണ്ടി ജീവിതം ബലിയർപ്പിക്കുന്ന പ്രവാസികളിൽനിന്ന് ഈ പെരുന്നാൾ ആഘോഷം വേറിട്ട നിൽക്കുന്നു
സൃഷ്ടിക്ക് ചെയ്യാൻ കഴിയാത്തതൊന്നും സ്രഷ്ടാവ് ആവശ്യപ്പെടില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ബലിപെരുന്നാൾ. ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ഏറെ കാത്തിരുന്ന് കിട്ടിയ മകനെ ദൈവ പ്രീതിക്കായി ബലി അർപ്പിക്കാനെത്തിയ ഇബ്രാഹിം നബിയെ അതിൽനിന്ന് വിലക്കി മകനെ സന്തോഷപൂർവം തിരിച്ചുനൽകുന്ന ദൈവസ്നേഹമാണ് ഈദുൽ അദ്ഹ എന്ന് ആത്മാർപ്പണത്തിന്റെ സന്തോഷം എന്നത്. മുന്നിലുള്ള തടസ്സങ്ങൾ പിന്നിലുള്ളവർക്കുവേണ്ടി നീക്കി നാളെയുടെ മോചനം കാണുന്ന സമർപ്പണ മനസ്സുകളിലാണ് ഇബ്രാഹിം നബിയുടെ സന്ദേശം ജീവിക്കുന്നത്. പിറന്ന നാടിന്റെയും കുടുംബത്തിന്റെയും ഉന്നമനത്തിനായി പ്രവാസികളായവർ ജീവിച്ചുകാട്ടുന്നതും ഈ സന്ദേശം തന്നെ.....
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും പെരുന്നാൾ ആഘോഷം ഗംഭീരമാക്കാൻ ഒരുങ്ങി ഗൾഫിലെ പ്രവാസി സമൂഹം. കേരളത്തിൽ മറ്റന്നാളാണ് പെരുന്നാൾ. ഗൾഫിലെ ഓരോ ആഘോഷങ്ങളും പരസ്പര സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പങ്കിടലിന്റെറയും സന്തോഷമാണ്. തനിക്കുമാത്രമല്ലാതെ മറ്റുള്ളവർക്കുവേണ്ടി ജീവിതം ബലിയർപ്പിക്കുന്ന പ്രവാസികളിൽനിന്ന് ഇബ്രാഹിം നബിയുടെ പാഠങ്ങൾ അക്ഷരത്തെറ്റില്ലാതെ വായിച്ചെടുക്കുവാൻ സാധിക്കും. മഹാമാരിക്കാലത്തെ രണ്ടാമത്തെ ബലിപെരുന്നാളാണിന്ന്. നാട്ടിലെ പെരുന്നാൾ ദിവസം തന്നെ ഇവിടെയും ആഘോഷിക്കണമെന്നാണ് പ്രവാസികളുടെ ആഗ്രഹം. പക്ഷേ, ഇക്കുറി നാട്ടിലും ഗൾഫിലും രണ്ടു ദിവസമാണ് പെരുന്നാൾ ആഘോഷങ്ങൾ.
ജോലി പോയവർക്ക് അത്താണിയായും നാട്ടിൽ കുടുങ്ങിയവർക്ക് തണലായും മാറുന്ന പ്രവാസികളുടെ ആത്മാർപ്പണമാണ് ബലിപെരുന്നാളിന്റെ ഭംഗി.നിബന്ധനകൾ പാലിച്ച് പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കെടുക്കാനും സുരക്ഷിത അകലം പാലിച്ച് ഈദ് മുബാറക് കൈമാറാനും പ്രവാസികൾക്ക് ഇക്കുറി അവസരം ഒരുക്കിയിട്ടുണ്ട്. നാടും നഗരവും അണുമുക്തമാക്കി ജനതയുടെ ജീവിത സൗകര്യങ്ങൾ തിരിച്ചുനൽകാൻ യു.എ.ഇ ഭരണകൂടം നടത്തിയ അവസരോചിതനീക്കമാണ് ഈ ഭാഗ്യത്തിന് നിദാനം. ആഘോഷങ്ങളുടെ സന്തോഷം കാണണമെങ്കിൽ പ്രവാസഭൂമികയിലെ ബാച്ചിലർ മുറികളിൽ തന്നെ പോകണം.
പല നിറങ്ങളും വിശ്വാസങ്ങളും ഭാഷകളും ഒരു കുടക്കീഴിൽ. ഉദ്യാനങ്ങളെ തോൽപ്പിക്കുന്ന നിറക്കൂട്ടുകളുടെ സൗന്ദര്യവും സൗരഭ്യവും പൂത്തുനിൽക്കുന്ന മാന്ത്രികത ബാച്ചിലർ മുറികളുടെ മാത്രം അഹങ്കാരമാണ്. കോവിഡ് നിയന്ത്രണങ്ങളോടെയാണ് യു.എ.ഇയിൽ പെരുന്നാൾ നമസ്കാരം. ഈദ്നമസ്കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണം.നമസ്കാരത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ ഈദ്ഗാഹും പള്ളികളും തുറക്കൂ. പ്രാർഥനകഴിഞ്ഞാൽ ഉടൻ അടക്കണം. വാരാന്ത്യ അവധിയും ഒരുമിച്ച് വന്നതോടെ യു.എ.ഇയിൽ ആറ് ദിവസം തുടർച്ചയായ അവധി ദിനങ്ങളാണ്.
അതോടൊപ്പം തന്നെ ഈദ് ആശംസയുമായി രാഷ്ട്രനേതാക്കൾ രംഗത്ത്. ജനങ്ങൾക്ക് പെരുന്നാൾ ആശംസ നേർന്ന് രാഷ്ട്രനേതാക്കൾ. ലോകത്താകമാനമുള്ള ജനങ്ങൾക്ക് പെരുന്നാൾ ആശംസ നേരുന്നതായി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ അറിയിച്ചു. ആരോഗ്യം, സമാധാനം, സമൃദ്ധി എന്നിവ അല്ലാഹു നൽകട്ടെ എന്നും അദ്ദേഹം പ്രാർഥിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അവധിക്ക് ശേഷവും കോവിഡ് കേസും മരണങ്ങളും വർധിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രതയിലാണ് പെരുന്നാൾ ആഘോഷം.
https://www.facebook.com/Malayalivartha


























