യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ല; ഈ മാസം 25 വരെ സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ, തീരുമാനമെടുക്കേണ്ടത് യുഎഇ സർക്കാരാണ്, പ്രവാസികൾ ഇനിയും കാത്തിരിക്കണം

കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെ ഒട്ടനവധി രാജ്യങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് മൂലം മാസങ്ങളോളം കുടുങ്ങിയിരിക്കുകയാണ് പ്രവാസികൾ. ഈ വിലക്ക് എന്നാണ് അവസാനിക്കുക എന്ന് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുകയാണ് അവർ. എന്നാൽ അതെല്ലാം തന്നെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്...
ഇന്ത്യയില്‍നിന്നുള്ള യാത്രാവിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എമിറേറ്റ്സ് എയർലൈൻസ്.രംഗത്ത് എത്തിയിരിക്കുകയാണ്. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും എമിറേറ്റ്സ് എയർലൈൻസ് വ്യക്തമാക്കുകയുണ്ടായി. ഈ മാസം 25 വരെ സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
അതോടൊപ്പം തന്നെ ഇന്ത്യയിൽനിന്ന് വിമാന സർവീസ് സാധാരണ നിലയിലാക്കുന്നത് യു.എ.ഇ ഫെഡറൽ സർക്കാർ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ വൃത്തങ്ങൾ വ്യക്തമാക്കി. എപ്പോൾ വിമാന സർവീസ് പുനരാരംഭിക്കുമെന്ന് അന്തിമമായി പറയാൻ സാധിക്കില്ല. എങ്കിലും യാത്രക്കാർക്ക് ഈ പാതയിൽ സഞ്ചരിക്കാൻ സാധിക്കുന്നതിനായി പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതായി കമ്പനി ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ അദ്നാൻ കാസിം ചൂണ്ടിക്കാട്ടി.
യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനയാത്ര സർവീസ് ഉണ്ടാകില്ലെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. അതത് രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവര്‍ ഉള്‍പ്പെടെ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്ക് ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യയെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഇന്ത്യന്‍ വിമാനക്കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയിട്ടുള്ളത്.
അതായത് യാത്രയ്‌ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമന്ന നിബന്ധനയില്‍ നിന്ന് പൂര്‍ണ വാക്‌സിനേഷന്‍ എടുത്തവരെ കേരളം ഒഴിവാക്കിയെന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ അത് സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രയ്‌ക്കാണെന്നും എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സിന്റെയും റീജ്യണല്‍ മാനേജര്‍ പി പി സിംഗ് വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യം എയര്‍ ഇന്ത്യ ഹെഡ്‌ക്വാര്‍ട്ടേഴ്‌സുമായി സംസാരിച്ച് താന്‍ ഉറപ്പുവരുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം പ്രഖ്യാപിച്ച പുതിയ ഇളവിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആഭ്യന്തര യാത്രക്കാര്‍ക്ക് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവരില്ല എന്നതാണ്. അതേസമയം അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇത് നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിലവില്‍ യാത്രക്കാര്‍ക്കുള്ള നിബന്ധന എന്നത്. എന്നാൽ കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് വരുന്നവര്‍ക്കു മാത്രമാണ് നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഇളവ് നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























