സൗദി അറേബ്യയില്‍ പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ശിക്ഷാര്‍ഹം; 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതർ, കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും ഇത് തന്നെ!

സൗദി അറേബ്യയില്‍ പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് വ്യക്തമാക്കുകയാണ് അധികൃതർ. ഇങ്ങനെ ചെയ്താല്‍ 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് 'ഓകാസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ പ്രാര്‍ത്ഥനാ സമയത്ത് പാട്ടുവെച്ചാല്‍ ആദ്യ തവണ 1,000 റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക 2,000 റിയാലായി ഉയരുന്നതായിരിക്കും. കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും ഇത് ബാധകമാണ്. താമസസ്ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നവര്‍ക്കെതിരെയും പിഴ ചുമത്തുകയും ചെയ്യും. അയല്‍വാസികള്‍ പരാതിപ്പെട്ടാല്‍ 500 റിയാലാണ് പിഴ ചുമത്തുക.
അതേസമയം, സൗദി അറേബ്യയിലെ പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്സ് ധരിച്ച് പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കുന്നതാണ്. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം അംഗീകരിച്ചു.
കൂടാതെ പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്‍ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അതോടൊപ്പം തന്നെ സൗദി ആഭ്യന്തര മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ ഈടാക്കുക. ജനവാസ മേഖലകളില്‍ വലിയ ശബ്‍ദത്തില്‍ പാട്ട് വെയ്‍ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്‍ക്ക് നിരക്കാത്ത വസ്‍ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ തരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























