ഇന്ത്യക്കാര്‍ക്കും ബാധകം..... ഖത്തറിൽ കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞതിന് പിന്നാലെ യാത്രാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥ ഖത്തര്‍ ഒഴിവാക്കി

ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് ദിനംപ്രതി കുറയുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇളവുകളും എത്തുമ്പോൾ പ്രവാസികൾ ഡബിൾ ഹാപ്പി. ഖത്തറിൽ കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞതിന് പിന്നാലെ യാത്രാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥ ഖത്തര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് യാത്രയ്ക്കു മുമ്പുള്ള പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് ഫലവും ആവശ്യമില്ല. ഫെബ്രുവരി 28 തിങ്കളാഴ്ച വൈകിട്ട് ഏഴു മണി മുതലാണ് പുതിയ ഇളവുകള്‍ നിലവില്‍ വരുന്നത്.
അതോടൊപ്പം തന്നെ രാജ്യങ്ങളെ കോവിഡ് വ്യാപനത്തിലെ രൂക്ഷതയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍, റെഡ്, എക്സെപ്ഷനല്‍ റെഡ് എന്നിങ്ങനെ തരം തിരിക്കുന്നത് ഒഴിവാക്കിയതായും മന്ത്രാലയം അറിയിച്ചു. പകരം കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളെ സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേഴ്‌സ്' ആവശ്യമായ രാജ്യങ്ങളെന്നും കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളെ 'റെഡ് ഹെല്‍ത്ത് മെഷേഴ്‌സ്' രാജ്യങ്ങളെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളാണ് 'റെഡ് ഹെല്‍ത്ത് മെഷേഴ്‌സ്' പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ജിയ, ജോര്‍ദാന്‍, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവയാണ് ഈ പട്ടികയിലെ മറ്റു രാജ്യങ്ങള്‍. ബാക്കി രാജ്യങ്ങളെയെല്ലാം കോവിഡ് വ്യാപനം കുറഞ്ഞ 'സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേഴ്‌സ്' പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതുകൂടാതെ ഇന്ത്യ ഉള്‍പ്പെടെ റെഡ് ഹെല്‍ത്ത് മെഷേഴ്‌സ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പൂര്‍ണമായി വാക്സിനെടുത്തവരും ഖത്തറില്‍ താമസ വിസയുള്ളവരുമായ ആളുകള്‍ക്ക് ക്വാറന്റൈന്‍ വേണ്ട എന്നതാണ് നിലവിലെ പ്രധാന ഇളവ്. നേരത്തെ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിട്ടുള്ളത്. നാട്ടില്‍ നിന്നും പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുമുണ്ട്. പകരം ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളില്‍ ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതി. വാക്സിനേഷന്‍ പൂര്‍ത്തിയായി 14 ദിവസം മുതല്‍ ഒമ്പത് മാസം വരെയാണ് ഈ ഇളവുകള്‍ക്ക് യോഗ്യത എന്നത്. കോവിഡ് വന്ന് ഭേദമായി ഒമ്പത് മാസം കഴിയാത്തവര്‍ക്കും വാക്സിന്‍ എടുത്തവര്‍ക്കുള്ള എല്ലാ ഇളവുകളും ലഭിക്കുന്നതായിരിക്കും.
എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ റെഡ് ഹെല്‍ത്ത് മെഷേഴ്‌സ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പൂര്‍ണമായി വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍ക്ക് യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അഞ്ച് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും ഇവര്‍ക്കും വേണമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഹോട്ടല്‍ ക്വാറന്റൈനിലെ അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തണമെന്നും നിബന്ധന നൽകിയിട്ടുണ്ട്. അതേപോലെ റെഡ് ഹെല്‍ത്ത് മെഷേഴ്‌സ് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്നവര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തവരോ രോഗമുക്തി നേടിയവരോ ആണെങ്കില്‍ യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും ഇവര്‍ക്കും വേണം. ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുകയും വേണം. പൂര്‍ണമായും വാക്‌സിന്‍ എടുക്കാത്തവരെ സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് വരാന്‍ അനുവദിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യ ഉള്‍പ്പെടെ 'റെഡ് ഹെല്‍ത്ത് മെഷേഴ്‌സ്' പട്ടികയില്‍ പെട്ട ഒന്‍പത് രാജ്യങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വലിയ ഇളവുകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ നിന്നു വരുന്ന പൂര്‍ണമായി വാക്‌സിന്‍ എടുത്ത ആളുകളെ പിസിആര്‍ ടെസ്റ്റ്, ക്വാറന്റൈന്‍ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാക്‌സിന്‍ എടുക്കാത്തവരാണെങ്കില്‍ അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന്‍ മതിയാവുന്നതായിരിക്കും.
ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. പക്ഷെ രാജ്യത്തെത്തി 24 മണിക്കൂറിനുള്ളില്‍ പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതാണ്. ക്വാറന്റൈനിലെ അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റും വേണം. അതുപോലെ തന്നെ സ്റ്റാന്റേര്‍ഡ് ഹെല്‍ത്ത് മെഷേഴ്‌സ് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്നവര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തവരോ രോഗമുക്തി നേടിയവരോ ആണെങ്കില്‍ യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അവര്‍ക്ക് ക്വാറന്റെന്‍ ആവശ്യമില്ല. പൂര്‍ണമായും വാക്‌സിന്‍ എടുക്കാത്തവരാണെങ്കില്‍ അഞ്ചു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റും നടത്തണം.
https://www.facebook.com/Malayalivartha


























