യാത്രക്കാർക്ക് ഇളവുകളുമായി ഗൾഫ് രാഷ്ട്രങ്ങൾ; ഇന്ത്യയില്‍ നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരും കോവിഡ് മുക്തരുമായ ഖത്തര്‍ പ്രവാസി താമസക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ട! യാത്രയ്ക്ക് മുന്‍പുള്ള കോവിഡ് പിസിആര്‍ പരിശോധനയില്‍ നിന്നും വാക്‌സീൻ സ്വീകരിച്ച 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒഴിവാക്കി

കൊറോണ വ്യാപനം ഉയർന്നുനിന്നിരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങളെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതുമൂലം നിരവധി പ്രവാസികൾക്ക് യാത്ര ചെയ്യുവാൻ സാധിച്ചിരുന്നില്ല. കടുത്ത നിബന്ധനകൾ മൂലം വലഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. പൊതു ഇടങ്ങളിൽ മാഷ്ക്ക് മാറ്റി വിപ്ലവം സൃഷ്ടിക്കാൻ യുഎഇ ഒരുങ്ങി. ഇതുകൂടാതെ പ്രവാസികൾക്ക് യാതൊരു നിബന്ധനകളും ഇല്ലാതെ തന്നെ വിമാനയാത്രകൾ സജ്ജമാക്കി ദുബായ്, ഷാർജ ഉൾപ്പടെയുള്ള ഗവർണറേറ്റുകൾ രംഗത്ത് എത്തി. ആശ്വാസത്തിലായ പ്രവാസികൾക്ക് ഇരട്ടിമധുരം നൽകി ഖത്തറും രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരും കോവിഡ് മുക്തരുമായ ഖത്തര്‍ പ്രവാസി താമസക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ട എന്നതാണ് ഇതിലെ പ്രധാന നിർദ്ദേശം. യാത്രയ്ക്ക് മുന്‍പുള്ള കോവിഡ് പിസിആര്‍ പരിശോധനയും ആവശ്യമില്ല. ഖത്തറിന്റെ യാത്രാ, പ്രവേശന, ക്വാറന്റീന്‍ നയങ്ങളില്‍ ഫെബ്രുവരി 28ന് ദോഹ പ്രാദേശിക സമയം രാത്രി 7.00 മുതല്‍ പുതിയ മാറ്റം നിലവില്‍ വരുന്ന സാഹചര്യത്തിലാണിത് പ്രഖ്യാപിച്ചിരിക്കുന്നത്.
വാക്‌സീൻ സ്വീകരിച്ച 12 വയസില്‍ താഴെയുള്ള കുട്ടികള്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അല്ലെങ്കില്‍ കോവിഡ് മുക്തരായ മാതാപിതാക്കള്‍ക്കൊപ്പമാണ് എത്തുന്നതെങ്കില്‍ രക്ഷിതാക്കള്‍ക്കുള്ള അതേ വ്യവസ്ഥ തന്നെയാണ് ഇതിന് ബാധകമാകുന്നത്. യാത്രയ്ക്ക് മുന്‍പുള്ള കോവിഡ് പിസിആര്‍ പരിശോധനയില്‍ നിന്നും ഇവരെ ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ ദോഹയിലെത്തി 24 മണിക്കൂറിനുള്ളില്‍ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
കോവിഡ് അപകട സാധ്യതാ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാകുന്ന മാറ്റങ്ങള്‍ പ്രകാരം നിലവിലെ റെഡ്, ഗ്രീന്‍, എക്‌സെപ്ഷനല്‍ റെഡ് പട്ടികയ്ക്കു പകരം സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേഴ്‌സ്, റെഡ് ഹെല്‍ത്ത് മെഷേഴ്‌സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ മാത്രമാണ് ഉണ്ടാകുക. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ജിയ, ജോര്‍ദാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ റെഡ് ഹെല്‍ത്ത് മെഷേഴ്‌സ് വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. കൂടാതെ മറ്റെല്ലാ രാജ്യങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേഴ്‌സിലാണ് ഉള്‍പ്പെടുത്തുന്നത്.
∙ഖത്തറിന്റെ ഇമ്യൂണിറ്റി സ്റ്റേറ്റസ് നയം അനുസരിച്ച് വ്യക്തികളെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍, കോവിഡ് വന്നു സുഖപ്പെട്ടവര്‍, കോവിഡ് വരാത്തവരും വാക്‌സിനെടുക്കാത്തവരും എന്നിങ്ങനെ തിരിച്ചിരിക്കുകയാണ്.
∙കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ ഖത്തര്‍ അംഗീകൃതമായ ഫൈസര്‍, മൊഡേണ, അസ്ട്രാ സെനിക്ക എന്നീ വാക്‌സീനുകള്‍ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസെടുത്ത് 14 ദിവസം പൂര്‍ത്തിയാകുന്ന തീയതി മുതല്‍ 9 മാസത്തേയ്ക്കാണ് വാക്‌സിനേഷന്റെ കാലാവധി എന്നത്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സീന്‍ ആണെങ്കില്‍ ഒറ്റ ഡോസെടുത്ത് 2 ആഴ്ച പൂര്‍ത്തിയാകുന്ന തീയതി മുതലും ബൂസ്റ്റര്‍ ഡോസെടുത്തവരാണെങ്കില്‍ ബൂസ്റ്ററെടുത്ത് 7 ദിവസം കഴിയുന്ന തീയതി മുതലും 9 മാസത്തേക്കാണ് വാക്‌സിനേഷന്‍ -ഇമ്യൂണിറ്റിയുടെ കാലാവധി എന്നത്.
∙ഖത്തറിനുള്ളിലോ വിദേശരാജ്യത്ത് വെച്ചോ കോവിഡ് വന്നു സുഖം പ്രാപിച്ചവരാണെങ്കില്‍ കോവിഡ് പോസിറ്റീവായ തീയതി മുതല്‍ 9 മാസത്തേയ്ക്കാണ് വാക്‌സിനേഷന്‍ കാലാവധി ഉള്ളത്. കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന അംഗീകൃത ലബോറട്ടറി പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്.
∙മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ (വാക്‌സിനെടുത്തവര്‍, കോവിഡ് വന്നവര്‍) പെടാത്തവരെ വാക്‌സിനെടുക്കാത്തവര്‍, നോണ്‍-ഇമ്യൂണ്‍ എന്നീ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്.
പുതിയ പ്രവേശന, ക്വാറന്റീന്‍, പരിശോധനാ നയങ്ങള്‍ ഇങ്ങനെ....
1. റെഡ് ഹെല്‍ത്ത് മെഷേഴ്‌സ് വിഭാഗത്തിലെ
രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ അറിയാന്‍
A). പ്രവാസി താമസക്കാരില്‍ (ഖത്തര്‍ റസിഡന്‍സി പെര്‍മിറ്റുള്ളര്‍) കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കോവിഡ് വന്നു ഭേദമായവര്‍ക്കും
- ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ല.
-യാത്രക്ക് മുന്‍പുള്ള പിസി ആര്‍ പരിശോധനയും ആവശ്യമില്ല.
-ഖത്തറില്‍ എത്തി 24 മണിക്കൂറിനുള്ളില്‍ അംഗീകൃത സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തിയിരിക്കണം.
B). വാക്‌സീനെടുക്കാത്തവരും നോണ്‍-ഇമ്യൂണ്‍ ആയവരുമായ പ്രവാസി താമസക്കാര്‍
-യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധം.
-ദോഹയിലെത്തി 5 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.
-ഹോട്ടല്‍ ക്വാറന്റീനില്‍ 5-ാമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തും.
C). സന്ദര്‍ശകര്‍ക്ക്
-കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കോവിഡ് വന്നു സുഖപ്പെട്ടവര്‍ക്കും മാത്രമാണ് പ്രവേശനം.
-കോവിഡ് വാക്‌സീന്‍ എടുക്കാത്തവര്‍ക്കും നോണ്‍-ഇമ്യൂണ്‍ വിഭാഗക്കാര്‍ക്കും പ്രവേശനമില്ല
-യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധന ഫലവും നിര്‍ബന്ധം.
-ദോഹയിലെത്തി 1 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീനില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും.
2. സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേഴ്‌സിലെ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍
A).പ്രവാസി താമസക്കാരില്‍ കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും
-യാത്രയ്ക്ക് മുന്‍പുള്ള കോവിഡ് പിസിആര്‍ പരിശോധന ആവശ്യമില്ല.
-ദോഹയിലെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റീനും വേണ്ട.
-ദോഹയിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം.
B). വാക്‌സിനെടുക്കാത്ത അല്ലെങ്കില്‍ നോണ്‍-ഇമ്യൂണ്‍ ആയ പ്രവാസി താമസക്കാര്‍ക്ക്
-5 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധം.
-ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധനയും ക്വാറന്റീനില്‍ അഞ്ചാമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധനയും നടത്തണം.
C). സന്ദര്‍ശകര്‍ക്ക്
-കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കോവിഡ് വന്നു സുഖപ്പെട്ടവര്‍ക്കും മാത്രമാണ് പ്രവേശനം.
-യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനാ ഫലം.
- ദോഹയിലെത്തി 1 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീനില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയും നടത്തും.
https://www.facebook.com/Malayalivartha


























