പ്രവാസികളെ പിഴിയാൻ നീക്കം; നാട്ടിലേക്കുള്ള യാത്ര ഇനി കടുക്കും, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധനവ്, 10 ദിവസത്തിനിടയ്ക്കു റോക്കറ്റ് വേഗത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് കണ്ടു യാത്ര വേണ്ടെന്നുവച്ച് പ്രവാസികൾ, തിരക്കു കൂടുമ്പോൾ നിരക്കു വർധിപ്പിക്കുന്ന പതിവിനു ഇത്തവണയും മാറ്റമില്ല

കൊറോണ വ്യാപനത്തിന് പിന്നാലെ വിമാനക്കമ്പനികളുടെ ഇരട്ടത്താപ്പിൽ കുടുങ്ങിയത് പ്രവാസികളായിരുന്നു. വിമാനസർവീസുകൾ സാധാരണ ഗതിയിലായിട്ടും ഇപ്പോഴിതാ വീണ്ടും പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രവാസികൾ പെരുന്നാൾ അവധി പ്രമാണിച്ച് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധനയാണ് കാണിച്ചിരിക്കുന്നത്. അങ്ങനെ രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മലയാളി കുടുംബങ്ങൾക്കും കൈ പൊള്ളിയ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
അതായത് 10 ദിവസത്തിനിടയ്ക്കു തന്നെ റോക്കറ്റ് വേഗത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് കണ്ടു നാട്ടിലേക്ക് ഉൾപ്പടെയുള്ള യാത്രകൾ വേണ്ടെന്നു വച്ചവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. കോവിഡ് നിയന്ത്രണം മാറി സാധാരണ എയർലൈനുകൾ സർവീസ് ആരംഭിച്ചാൽ തന്നെ നിരക്കു കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇത്തരത്തിൽ ഇരുട്ടടി. തിരക്കു കൂടുമ്പോൾ നിരക്കു വർധിപ്പിക്കുന്ന പതിവിനു ഇത്തവണയും മാറ്റമുണ്ടായില്ല.
അതോടൊപ്പം തന്നെ ദുബായിൽ നിന്നു കൊച്ചിയിലേക്കു വൺവേയ്ക്ക് ശരാശരി 450 ദിർഹമാണു (7729 രൂപ) ടിക്കറ്റ് നിരക്കെങ്കിൽ പെരുന്നാളിനു തൊട്ടു മുൻപ് തന്നെ ഈ മാസം 30ന് 1550 ദിർഹം (32227 രൂപ) ആയി വർധിക്കുകയാണ് ഉണ്ടായത്. ഒരാൾക്ക് നാട്ടിൽ പോയി ഒരാഴ്ചയ്ക്കകം തന്നെ തിരിച്ചുവരണമെങ്കിൽ കുറഞ്ഞത് 2500 ദിർഹം (52000) രൂപ കൊടുക്കേണ്ടിവരും. പോകാനും വരാനും വ്യത്യസ്ത എയർലൈനുകളിൽ സീറ്റ് തരപ്പെടുത്തിയാലേ ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ഒരേ എയർലൈനിലാണെങ്കിൽ ചിലപ്പോൾ നിരക്ക് ഇനിയും കൂടുന്നതാണ്.
ചില റിപ്പോർട്ടുകൾ അനുസരിച്ച് മേയ് 2ന് പെരുന്നാൾ ആകാനാണു സാധ്യത. പെരുന്നാൾ അവധി പ്രയോജനപ്പെടുത്തി ഒരാഴ്ചത്തേക്കു നാട്ടിലേക്കു പോയി വരാൻ നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിർഹം അതായത് 2 ലക്ഷത്തോളം രൂപയോളം നൽകേണ്ടിവരും. ഇത്ര തുക കൊടുത്താൽ പോലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭിക്കില്ല എന്നതാണ് മറ്റൊരു അമ്പരപ്പിക്കുന്ന കാര്യം. മണിക്കൂറുകളുടെ ഇടവേളകളിൽ മറ്റേതെങ്കിലും രാജ്യം വഴി കണക്ഷൻ വിമാനമാണു ലഭിക്കുന്നത്. നേരിട്ടു വിമാനത്തിൽ സീറ്റ് ലഭിക്കുകയാണെങ്കിൽ തന്നെ അഞ്ചിരട്ടി തുക കൊടുക്കേണ്ടിവരുകയും ചെയ്യും.
ഇന്നത്തേത് ദുബായിൽനിന്നു കൊച്ചിയിലേക്ക് ഒരാൾക്ക് (വൺവേ) വിവിധ എയർലൈനുകൾ ഈടാക്കുന്ന ശരാശരി നിരക്ക് എന്നത്. പെരുന്നാൾ പ്രമാണിച്ച് നാട്ടിലേക്കു കൂടുതൽ പേർ യാത്ര ചെയ്യാനിരിക്കുന്ന ഏപ്രിൽ 30ലെ നിരക്ക് ഇങ്ങനെ. എയർഇന്ത്യാ എക്സ്പ്രസ് 11864 (32227) ദിർഹം), എയർ അറേബ്യ 7729 (40143), എയർ ഇന്ത്യ 7729 (40143), ഇൻഡിഗൊ 9412 (37172), സ്പൈസ് ജെറ്റ് 9213 (38066), ഫ്ലൈദുബായ് 10348 (31541). യാത്ര അബുദാബിയിൽനിന്നാണെങ്കിൽ 1500–2000 രൂപ അധികം നൽകേണ്ടിവരുന്നു.
അതേസമയം കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ സെക്ടറുകളിൽ തിരക്കിന് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ നേരിയ ഏറ്റക്കുറച്ചിൽ ഉണ്ടെന്നാണ് സൂചന. കോവിഡിനെ തുടർന്ന് യാത്ര മാറ്റിവച്ച പലരും യാത്രാ ഇളവ് വന്നതിനെ തുടർന്നു നാട്ടിലേക്കു പോകാൻ തുടങ്ങിയിരിക്കുകയാണ്. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിപ്പിക്കുകയും ചെയ്തത് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇതേസമയം കഴിഞ്ഞ രണ്ടു വർഷം വിമാന കമ്പനികൾക്കുണ്ടായ നഷ്ടത്തിന് ഈ വർധനയൊന്നും പകരമാകില്ലെങ്കിലും വർധിച്ചുവരുന്ന ഇന്ധനവില വർധനയിൽ പ്രവർത്തന ചെലവ് കണ്ടെത്താനാകുമെന്ന ആശ്വാസത്തിലാണ് എയർലൈനുകൾ ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha

























