ദേശീയ തിരിച്ചറിയൽ കാർഡ് പുതുക്കുമ്പോൾ അപേക്ഷകൻ യുഎഇയിൽ ഉണ്ടായിരിക്കണം; പുതുക്കിയില്ലെങ്കിൽ പിഴ 1,000 ദിർഹം വരെ! തക്കതായ കാരണത്താലാണ് വൈകിയതെങ്കിൽ പിഴയിളവ് ലഭിക്കും, ശ്രദ്ധിക്കേണ്ടാത് ഇവയൊക്കെ...

യുഎഇയിൽ സമഗ്രമായ മാറ്റങ്ങളാണ് നടന്നുവരുന്നത്. ഇപ്പോഴിതാ ദേശീയ തിരിച്ചറിയൽ കാർഡ് പുതുക്കുമ്പോൾ അപേക്ഷകൻ യുഎഇയിൽ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി അധികൃതർ രംഗത്ത് എത്തുകയുണ്ടായി. അതോടൊപ്പം തന്നെ കാർഡ് പുതുക്കാൻ വീസ വിശദാംശങ്ങളും 35*40 മി.മീ വലുപ്പമുള്ള ഫോട്ടോയും അപേക്ഷയോടൊപ്പം ഉണ്ടാകണം എന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ അപേക്ഷിക്കുന്നതിന്റെ 5 മാസത്തിനുള്ളിൽ എടുത്തതാകണം. കണ്ണുകൾ ക്യാമറയ്ക്ക് നേരെ തുറന്ന്, തല ചെരിയാത്തതാകണം എന്ന വ്യവസ്ഥയും നൽകിയിട്ടുണ്ട്.
മതപരമോ ദേശീയ വേഷവിധാനമെന്ന നിലയ്ക്കോ തല മറയ്ക്കാൻ അനുമതിയുണ്ടെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കുകയുണ്ടായി. ഐഡി കാർഡിനും വീസയ്ക്കും ഏകീകൃത അപേക്ഷാ സംവിധാനമാണ് നൽകിയിട്ടുള്ളത്.
കൂടാതെ വീസ പുതുക്കി 30 ദിവസം കഴിഞ്ഞിട്ടും ഐഡി കാർഡ് പുതുക്കിയില്ലെങ്കിൽ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹമാണ് പിഴ ഈടാക്കുക. പരമാവധി 1,000 ദിർഹം ഈടാക്കുന്നതാണ്. തക്കതായ കാരണത്താലാണ് വൈകിയതെങ്കിൽ പിഴയിളവ് ലഭിക്കുകയും ചെയ്യും. പുതിയ തിരിച്ചറിയൽ കാർഡ് ക്യു ആർ കോഡ് വഴി റീഡ് ചെയ്യാനും കഴിയുന്നതാണ്. സർക്കാർ ഓഫിസുകളിൽ സുരക്ഷിത വിവരശേഖരണത്തിനു കഴിയുംവിധമാണ് കാർഡിലെ സംവിധാനം എന്നത്.
അതേസമയം ഇ- സംവിധാനങ്ങളുമായി ബന്ധിപ്പിച്ചതിനാൽ വ്യക്തിയുടെ സമഗ്ര വിവരങ്ങൾ ലഭ്യമാകുന്നതാണ്. പാസ്പോർട്ടിലെ എല്ലാ വിവരങ്ങളും തിരിച്ചറിയൽ കാർഡിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പുതിയ കാർഡ് 17 വർഷത്തിലേറെ കാലഹരണപ്പെടാതെ സൂക്ഷിക്കാൻ കഴിയും. തട്ടിപ്പുകാർക്ക് വ്യാജ കാർഡുകൾ നിർമിക്കാനാകാത്ത വിധം സുരക്ഷിതത്വം ഉറപ്പാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























