ഖത്തറില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം! കൂടുതൽ നിർദ്ദേശങ്ങളുമായി അധികൃതർ...

യുഎഇയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിൽ ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഖത്തറില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയതായി മന്ത്രാലയം അറിയിക്കുകയുണ്ടായി.
കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ ആരോഗ്യ വിഭാഗത്തില്‍ അറിയിക്കാനും രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
അതേസമയം യുഎഇയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. പശ്ചിമാഫ്രിക്കയിൽ നിന്നും എത്തിയ 29-കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വൈദ്യസഹായം നൽകി വരികയാണെന്നും ദുബായ് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു. യൂറോപ്പിലും അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ആയതിനാൽ തന്നെ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കുരങ്ങുപനി സംബന്ധിച്ച തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























