ഗൾഫിൽ ചൂട് കനക്കുന്നു; ജൂൺ ആദ്യവാരം പിന്നിടുമ്പോൾ തന്നെ കുവൈത്ത് കടുത്ത വേനലിലേക്ക്... താപനില രേഖപ്പെടുത്തിയത് തിങ്കളാഴ്ച ജഹ്റ ഭാഗത്ത് 52 ഡിഗ്രി സെൽഷ്യസ്

ഗൾഫിൽ ചൂട് കനക്കുകയാണ്. ഇതിനോടകം തന്നെ പല ഗൾഫ് രാഷ്ട്രങ്ങള് മുന്നറിയിപ്പ് നൽകികൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ജൂൺ ആദ്യവാരം പിന്നിടുമ്പോൾ തന്നെ കുവൈത്ത് കടുത്ത വേനലിലേക്ക് പ്രവേശിക്കുകയാണ്. തിങ്കളാഴ്ച ജഹ്റ ഭാഗത്ത് 52 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. സുലൈബിയയിൽ 51 ഡിഗ്രി, അബ്ദലി, നുവൈസീബ് എന്നിവിടങ്ങളിൽ 50 ഡിഗ്രി എന്നിങ്ങനെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ റുതൂബയും (നിർജലീകരണം) അനുഭവപ്പെടുകയുണ്ടായി.
അടുത്ത ആഴ്ചകളിൽ ചൂടുകൂടുന്നതാണ്. സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും ദ്രാവക രൂപത്തിലുള്ള പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ അയഞ്ഞ, കനംകുറഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും ചൂടില്ലാത്ത വെള്ളത്തിൽ ഇടക്ക് കുളിക്കുന്നത് നല്ലതാണെന്നും കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദേശിക്കുകയുണ്ടായി. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നേരിട്ട് സൂര്യാതപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കാനാണിത് എന്നതാണ്.
കൂടാതെ ചില കമ്പനികൾ വിലക്ക് ലംഘിച്ച് ഉച്ചനേരങ്ങളിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























