അബുദാബിയില്‍ സീറ്റുകളുള്ള ഇ സ്‌കൂട്ടറുകള്‍ നിരോധിച്ച് പുതിയ ഉത്തരവ്; ഇലക്ട്രിക് സ്‌കൂട്ടറിന് സുരക്ഷിതമായ സീറ്റില്ലെന്നും ഡ്രൈവിംഗ് സമയത്ത് ശരിയായി ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തീരുമാനം

അബുദാബിയില്‍ സീറ്റുകളുള്ള ഇ സ്‌കൂട്ടറുകള്‍ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററാണ് ഇക്കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന് സുരക്ഷിതമായ സീറ്റില്ലെന്നും ഡ്രൈവിംഗ് സമയത്ത് ശരിയായി ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അബുദാബിയില്‍ ബൈക്കുകളും ഇലക്ട്രിക് ബൈക്കുകളും കാല്‍നടയായി ഓടിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളും അനുവദനീയമാണ് എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുള്ള ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവിന് മറുപടിയായാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ അബുദാബിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ് രംഗത്ത് എത്തി. ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായി ധരിക്കുക. ഹെഡ് ഫോണ്‍ ഉപയോഗിക്കരുത്. രാത്രിയില്‍ റിഫ്‌ലെക്ട് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഉചിതമായ വസ്ത്രങ്ങളും ഷൂസും ധരിക്കണമെന്നും പൊലീസ് അറിയിക്കുകയുണ്ടായി.
മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...
1. കാല്‍നടയാത്രക്കാരില്‍ നിന്നും മറ്റ് സൈക്ലിസ്റ്റുകളില്‍ നിന്നും റൈഡര്‍മാരില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുക.
2. നിങ്ങളുടെ സ്‌കൂട്ടറിന്റെ ബാലന്‍സിനെ ബാധിച്ചേക്കാവുന്ന വസ്തുക്കള്‍ കൊണ്ടുപോകരുത്.
3. ഒരു യാത്രക്കാരനെയും കൊണ്ടുപോകരുത്. ഓരോ ഇലക്ട്രിക് സ്‌കൂട്ടറിനും ഒരു റൈഡര്‍ മാത്രമേ ഉണ്ടാകാവൂ.
സ്‌കൂട്ടര്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിനായി അബുദാബി പൊലീസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha
























