അതിജാഗ്രത പാലിക്കണം; റാസൽഖൈമയിൽ പൊതുഗതാഗതയാത്രക്കാർ പോക്കറ്റടി ഉൾപ്പെടെയുള്ള കവർച്ചയ്ക്കെതിരേ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്

റാസൽഖൈമയിൽ പൊതുഗതാഗതയാത്രക്കാർ പോക്കറ്റടി ഉൾപ്പെടെയുള്ള കവർച്ചയ്ക്കെതിരേ അതിജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പൊതുഗതാഗതയാത്രക്കാരിൽ നിന്ന് അനേകം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടികൾ ആരംഭിച്ചതായും അധികൃതർ അറിയിക്കുകയുണ്ടായി. ബസുകളിലെ പോക്കറ്റടിക്കാരെക്കുറിച്ച് യാത്രക്കാർ ജാഗരൂകരായിരിക്കണമെന്ന് പോലീസ് ഓർമിപ്പിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ കവർച്ചയിൽനിന്ന് സ്വയംപരിരക്ഷിക്കാനുള്ള വഴികളെക്കുറിച്ച് യാത്രക്കാരെ അറിയിക്കാൻ ബോധവത്കരണത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നു.പൊതുഗതാഗതസംവിധാനങ്ങളിൽ കവർച്ച നടത്താനുള്ള പ്രവണത വർധിച്ചുവരുന്നുണ്ടെന്ന് റാസൽഖൈമ പോലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ അബ്ദുള്ള അഹമ്മദ് ബിൻ സൽമാൻ അൽ നുഐമി ചൂണ്ടിക്കാണിക്കുകയുണ്ടായി.
കൂടാതെ വിലപ്പിടിപ്പുള്ള വസ്തുക്കളും എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന ബാഗുകളും പൊതുഗതാഗത്തിലൂടെ യാത്രചെയ്യുമ്പോൾ ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുകയുണ്ടായി. ആവശ്യമുള്ള പണംമാത്രം കൈയിൽ കരുതണം.
മൊബൈൽഫോൺ പിന്നിലെ കീശയിൽ സൂക്ഷിക്കരുത് എന്നും മുന്നറിയിപ്പിൽ പറയുകയുണ്ടായി. അപരിചിതരുമായി സംഭാഷണത്തിൽ ഏർപ്പെടാതെയും മറ്റു യാത്രക്കാരിൽനിന്ന് അകലംപാലിച്ചും പൊതുഗതാഗതസംവിധാനം ഉപയോഗിക്കാനും പോലീസ് നിർദേശിക്കുകയുണ്ടായി. യാത്രക്കാരുടെ സുരക്ഷയ്ക്കായി തന്നെ അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അൽനുഐമി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























