രോഗിയെ പരിചരിച്ച് വീരമൃത്യു വരിച്ച ലിനിയുടെ കുടുംബത്തിന് സഹായഹസ്തവുമായി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്

ജിദ്ദ: നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരണത്തിനു കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് ജിദ്ദ ആസ്ഥാനമായുള്ള അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹായ ഹസ്തം.
ലിനയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നാണ് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. അബീര്‍ പ്രസിഡന്‍റ് ആലുങ്ങല്‍ മുഹമ്മദിനെ പ്രതിനിധീകരിച്ച് സംസാരിക്കവെ , എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ അഹ്‌മ്മദ് ആലുങ്ങല്‍ ആണ് ഈ വാഗ്ദാനം അറിയിച്ചത്. ജിദ്ദ ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന അബീര്‍ മെഡിക്കല്‍ സെന്‍ററില്‍ നടത്തിയ നിപ്പ വൈറസ് ബോധവല്‍ക്കരണ പരിപാടിയിലായിരുന്നു പ്രഖ്യാപനം.
നിപ്പ വൈറസ് ബാധയെക്കുറിച്ച് പ്രവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ബോധവല്‍ക്കരണ സെഷനില്‍ സംസാരിക്കവെ ഡോക്ടര്‍ അഹ്‌മ്മദ് കബീര്‍ പറഞ്ഞു. നിപ്പ അണുബാധയെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അപ്രസക്തമാണെന്നും കേരളത്തിലെ ആരോഗ്യമന്ത്രാലയം സ്വീകരിച്ചുപോരുന്ന സമീപനങ്ങള്‍ തൃപ്തികരവും സ്വീകാര്യവുമാണെന്നും ഡോക്ടര്‍ കബീര്‍ പറഞ്ഞു.
വായുവിലൂടെ പകരാനുള്ള കഴിവ് നിപ വൈറസിന് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ വ്യാകുലരാകേണ്ടതില്ല. അതേസമയം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മാസ്‌ക് ധരിക്കുന്നതും സോപ്പും വെള്ളവും ഉപയോഗിച്ച് സ്ഥിരമായി കൈ കഴുകുന്നതും നിപ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കും. വൈറസ് ബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോകുന്നവരും ജോലി ചെയ്യുന്നവരും ഇക്കാര്യത്തില്‍ ശ്രദ്ധയുള്ളവരായിരിക്കണം.
https://www.facebook.com/Malayalivartha



























