മെക്കുനു ചുഴലിക്കാറ്റ്; ശക്തമായ കാറ്റിലും മഴയിലും ഇന്ത്യക്കാരുൾപ്പടെ പത്ത് മരണം

സലാല: ഒമാനിലും യെമനിലും അതിശക്തമായ കാറ്റിലും മഴയിലും പത്ത് പേര്‍ മരിച്ചു. യെമനില്‍ ഏഴ് പേരും ഒമാനില്‍ മൂന്ന് പേരുമാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്നാണ് സൂചന. പന്ത്രണ്ടു വയസ്സുള്ള കുട്ടിയടക്കമുള്ളവരാണ് ഒമാനില്‍ മരിച്ചത്. ഇന്ത്യക്കാരും സുഡാനികളുമടക്കം 19 പേരെ യെമനില്‍ കാണാതായിട്ടുമുണ്ട്. ശക്തമായ കാറ്റില്‍ ചുവരില്‍ തലയിടിച്ചാണ് കുട്ടി മരിച്ചത്.
ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ നിരപ്പ് ഉയരുകയും ശക്തമായ തിരമാലയുണ്ടാകുകയും ചെയ്യും. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് സലാല മേഖലയില്‍ കനത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. മിക്കവരും താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായില്ല. കനത്ത നാശം വിതച്ച സലാലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നേവി കപ്പലും ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്. എെ.എന്‍,എസ് ദീപക്, എെ.എന്‍.എസ് കൊച്ചി എന്നി കപ്പലുകളാണ് മുംബയില്‍ നിന്നും സലാല തീരത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചത്.
https://www.facebook.com/Malayalivartha



























