ജിദ്ദയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം; 133 യാത്രക്കാരുമായുള്ള കന്നി പറക്കൽ ഗംഭീരമായി

ജിദ്ദയില്‍ പണി പൂര്‍ത്തിയായ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതായി റിപ്പോർട്ടുകൾ. ആദ്യ സര്‍വീസ് ഖുറയ്യാത്തിലേക്കായിരുന്നു. രാവിലെ 5.15 ന് 133 യാത്രക്കാരുമായി എസ്‌വി 1291ാം നമ്പർ വിമാനം ജിദ്ദയില്‍ നിന്ന് പറന്നുയര്‍ന്നു.
ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ രണ്ട് സർവ്വീസ് മാത്രമാണ് പുതിയ എയര്‍പോര്‍ട്ടില്‍ നിന്ന് നടത്തുക. ഇതിനു ശേഷം സര്‍വീസുകളുടെ എണ്ണം പടിപടിയായി ഉയര്‍ത്തുമെന്ന് സൗദി വക്താവ് എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ത്വയ്യിബ് അറിയിച്ചു.
8,10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച ടെര്‍മിനല്‍ കോംപ്ലക്‌സില്‍ യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 220 കൗണ്ടറുകളും 80 സെല്‍ഫ് സര്‍വീസ് കൗണ്ടറുകളുമുണ്ടാകും. 34 കിലോമീറ്റര്‍ നീളമുള്ള കണ്‍വെയര്‍ ബെല്‍റ്റുകളാണ് സ്ഥാപിക്കുന്നത്. 27,987 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലായിരിക്കും ബിസിനസ്സ് ഏരിയ.
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി 120 മുറികള്‍ അടങ്ങിയ മൂന്നുനില ഹോട്ടലും 81 നമസ്‌കാര സ്ഥലങ്ങളുമുണ്ടാകും. ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷന് പുറമെ, 18,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പച്ചവിരിച്ച സ്ഥലവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വിശാലമായ കാര്‍, ടാക്‌സി, ബസ് പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























