ഖത്തറിൽ ഇന്ത്യൻ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം

ദോഹ: പ്രവാസി ഇന്ത്യക്കാർക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചതായി റിപ്പോർട്ടുകൾ. അതാത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റ് മുഖേനയോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് വഴിയോ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാം. പോസ്റ്റൽ മാർഗവും പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികൾ സ്വീകരിക്കാനാവും.
പ്രവാസികൾക്ക് പേര് റജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം വെബ്‌സൈറ്റിൽ പ്രത്യേകമായി സംവിധാനം ചെയ്തിട്ടുണ്ട്. പാസ്‌പോർട്ടിൽ പരാമർശിച്ചിരിക്കുന്ന താമസസ്ഥലം ഉൾപ്പെടുന്ന മണ്ഡലത്തിലെ പ്രവാസി വോട്ടറായിട്ടായിരിക്കണം പേര് രജിസ്റ്റർ ചെയ്യേണ്ടത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതോടെ യോഗ്യമായ ഇന്ത്യൻ പാസ്‌പോർട്ട് കാണിച്ച് അസംബ്ലി, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പോളിങ് സ്റ്റേഷനുകളിൽ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പ്രവാസികളെല്ലാവരും പങ്കെടുക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഇതുവരേയും വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർ, മറ്റേതെങ്കിലും രാജ്യങ്ങളിൽ പൗരത്വം നേടിയിട്ടില്ലാത്തവർ, തൊഴിലിനോ വിദ്യാഭ്യാസത്തിനോ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെടുന്ന ഇന്ത്യക്കാർക്കാണ് പ്രവാസി വോട്ടർമാരായി പേര് ചേർക്കാൻ അർഹതയുള്ളത്.
https://www.facebook.com/Malayalivartha



























