നിപ്പ വൈറസ് ബാധ; ജാഗ്രതാ നിർദ്ദേശങ്ങളുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. അത്യാവശ്യ സാഹചര്യമില്ലെങ്കില്‍ കോഴിക്കോട്, മലപ്പുറം ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും നിര്‍ദ്ദേശിച്ചു.
കോഴിക്കോട്, മലപ്പുറം പ്രദേശങ്ങളില്‍ നിന്ന് തിരികെയെത്തിയവര്‍ മൂന്നാഴ്ചക്കുള്ളില്‍ പനിയോടെയുള്ള എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം തൊട്ടടുത്ത ആരോഗ്യസ്ഥാപനത്തില്‍ ചികില്‍സ തേടണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പഴവര്‍ഗങ്ങളിലൂടെ രോഗം പടരാനുള്ള സാധ്യത ഒട്ടും തന്നെയില്ല. എന്നിരുന്നാലും പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗത്തിന് മുൻപ് കഴുകി വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ലോകാരോഗ്യസംഘടന ഇന്ത്യന്‍ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം കേരളത്തിന് പുറത്തേയ്ക്ക് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് മന്ത്രാലയം വിലയിരുത്തുന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിശദമായ നിര്‍ദ്ദേശം എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























