നിപ വൈറസ് ഭീതി ദുബായിയിലും; യാത്രക്കാരെ നിരീക്ഷിക്കാനും രോഗികളെ കണ്ടെത്താനും വിമാനത്താവള അധികൃതര്‍ക്ക് നിർദ്ദേശം

അബുദാബി: കേരളത്തില്‍ നിപ വൈറസ് ബാധിച്ച് 14 പേര്‍ മരിച്ച സാഹചര്യത്തില്‍ യു.എ.ഇയിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും രോഗികളെ കണ്ടെത്താനും വിമാനത്താവള അധികൃതര്‍ക്ക് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ രോഗം ആണോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. നിപ വൈറസ് ബാധ സംശയിച്ചാലുടനെ രോഗിയെ മറ്റുള്ളവരില്‍നിന്ന് മാറ്റണമെന്നും ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രോഗം പിടിപെട്ട പ്രദേശത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്ക് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ അധികൃതരെ സമീപിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം വിശദീകരിച്ചു.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ഇൗ രോഗത്തിന്റെ ലക്ഷണങ്ങള്‍ പനി, ചുമ, തലവേദന, ശ്വാസതടസ്സം, പെരുമാറ്റത്തിലെ അസ്വാഭാവികത തുടങ്ങിയവയാണ്.
കേരളത്തിലേക്ക് അത്യാവശ്യ ഘട്ടത്തിലല്ലാതെ യാത്ര പോകരുതെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിപ വൈറസ് ബാധ വലിയ തോതില്‍ പടര്‍ന്നിട്ടില്ലെന്നും രോഗം വന്ന് മരിച്ച കേസുകള്‍ വിശദമായി അവലോകനം ചെയ്ത് വരുന്നതായും ഇന്ത്യന്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























