ചരിത്ര നടപടികൾക്ക് ആരംഭം; സൗദിയിൽ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി

സൗദിയിൽ വാഹനമോടിക്കാനുള്ള അനുമതി നല്‍കിയ ചരിത്രപരമായ നടപടി സൗദി വനിതകൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അതേസമയം നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി. ആദ്യ ദിനം 10 വനിതകള്‍ക്കാണ് അധികൃതർ ലൈസന്‍സ് നല്‍കിയത്.
ജൂണ്‍ 24 മുതല്‍ സ്ത്രീകള്‍ക്ക് സൗദിയിലെ നിരത്തുകളില്‍ വാഹനമോടിക്കാന്‍ കഴിയും. ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര ലൈസന്‍സുകള്‍ സ്വന്തമാക്കിയവര്‍ക്കാണ് ഇപ്പോള്‍ ലൈസന്‍സ് നല്‍കിയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഡ്രൈവിങ് ടെസ്റ്റും വെെദ്യപരിശോധനയും നടത്തിയ ശേഷമാണ് റിയാദ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ഇവര്‍ക്ക് ലൈസന്‍സ് അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈസന്‍സ് ഏറ്റുവാങ്ങുന്ന സ്ത്രീയുടെ ഫോട്ടോ പ്രചരിച്ചയുടന്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രശംസകളുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. 2017 സെപ്റ്റംബറിലാണ് പതിറ്റാണ്ടുകളായുള്ള വിലക്ക് അവസാനിപ്പിച്ച് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്.
റിയാദിലെ പ്രിന്‍സസ് നൗറ ബിന്‍ത് അബ്ദുല്‍റഹ്മാന്‍ യൂണിവേഴ്‌സിറ്റി, ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, തബൂക്ക് യൂണിവേഴ്‌സിറ്റി, താഇഫ് യൂണിവേഴ്‌സിറ്റി, ഇമാം മുഹമ്മദ് ഇബ്ന്‍ സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് നിലവില്‍ വനിതകള്‍ക്ക് വേണ്ടി ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിച്ചിട്ടുള്ളത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴിലിടങ്ങളില്‍ സ്ത്രീസാന്നിധ്യം വര്‍ദ്ധിപ്പിക്കുക. തൊഴില്‍ശക്തിയുടെ മൂന്നിലൊന്ന് വിഭാഗം സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരിക തുടങ്ങിയവയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























