ആശങ്കയോടെ കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശികൾ; സ്വദേശിവത്കരണത്തിന്റെ ഭാഗമായി പൊതുമേഖലയിൽ ജോലി ചെയ്യുന്ന 3140 വിദേശികളെ പിരിച്ചു വിടും

കുവൈറ്റ് : കുവൈറ്റില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 3140 വിദേശികളെ അടുത്ത മാസം പിരിച്ചു വിടുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍. സ്വദേശികളെ നിയമിക്കുന്നതിന് വേണ്ടിയാണ് വിദേശികളെ ഒഴിവാക്കുന്നതെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വ്യക്തമാക്കി. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നതായും സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു.
പാര്‍ലമെന്റിലെ സ്വദേശിവത്കരണ സമിതിയുടെ അന്വേഷണത്തിന് മറുപടിയായാണ് സിവില്‍ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നുണ്ടെന്നും,സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ബിരുദ യോഗ്യതയുള്ളവരുടെ പട്ടിക അടുത്ത മാസം പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ വിവരങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ തയ്യാറാക്കിയ രൂപരേഖ പാര്‍ലമെന്റിലെ സ്വദേശിവത്ക്കരണ സമിതി ഐക്യകണ്‌ഠേന അംഗീകരിച്ചു. സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 10000 സ്വദേശി യുവാക്കളുടെ നിയമന കാര്യം ചര്‍ച്ച ചെയ്യാന്‍ സമിതി 10 ന് യോഗം ചേരും .
വിവിധ മന്ത്രാലയ പ്രതിനിധികളും വകുപ്പ് മേധാവികളും യോഗത്തില്‍ സംബന്ധിക്കുമെന്ന് സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലിഹ് എം.പി പറഞ്ഞു.
https://www.facebook.com/Malayalivartha



























