വേനൽ ചൂടിൽ വെന്തുരുകി ഗൾഫ് രാജ്യങ്ങൾ; ഉയർന്ന താപനില 50 ഡിഗ്രി സെല്‍ഷ്യസ്

മസ്കത്ത്: ഇൗ വേനലിലെ ഏറ്റവും ഉയര്‍ന്ന ചൂടായ 50 ഡിഗ്രി സെല്‍ഷ്യസ് മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തി. സുനൈനയാണ് തൊട്ടു പിന്നില്‍. 49.3 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്. റുസ്താഖില് 48.7 ഡിഗ്രിയും മുദൈബി, ഫഹൂദ് എന്നിവിടങ്ങളില്‍ 48.3 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. ശനിയാഴ്ചയും ഉയര്‍ന്ന ചൂട് തന്നെയാണ് ഉണ്ടായത്. ഉച്ചക്ക് മസ്കത്തില് 47.5 ഡിഗ്രി വരെ ഉയര്‍ന്നു. ഞായറാഴ്ചയും മസ്കത്തില് 45 ഡിഗ്രിക്ക് മുകളിലാകും ചൂടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വകതാവ് അറിയിച്ചു.
ഖാബൂറ, റുസ്താഖ്, ഇബ്രി, അമിറാത്ത്, നിസ്വ, സൂര് തുടങ്ങിയ പ്രദേശങ്ങളിലാകട്ടെ ശനിയാഴ്ച 46 നും 48 ഡിഗ്രിക്കുമിടയില്‍ ചൂടാണ് അനുഭവപ്പെട്ടത്. മസ്കത്ത് അടക്കം പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പകലും രാത്രിയും ചുടുകാറ്റും അനുഭവപ്പെട്ടു.
ചൂടുകാറ്റും ഉയര്‍ന്ന താപനിലയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി, ദാഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ പൊടിയോടെയുള്ള ചൂടുകാറ്റ് അടുത്ത മൂന്നു ദിവസം അനുഭവപ്പെടാനിടയുണ്ട്. മരുഭൂമി, പര്‍വത മേഖലകളില്‍ 48 ഡിഗ്രി മുതല്‍ 49 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha



























