ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഇഫ്താർ വിരുന്ന്; അജ്മാനിൽ തീന്മേശ ഒരുക്കിയത് 2893 മീറ്റര്‍ നീളത്തില്‍

അജ്മാന്‍ : അജ്മാന്‍ നഗരസഭ സംഘടിപ്പിച്ച ഇഫ്താറിന് ലോക റിക്കോഡ് നേട്ടം. 2893 മീറ്റര്‍ നീളത്തില്‍ ഇഫ്താറിനായി തീന്മേശ ഒരുക്കിയാണ് അജ്മാന്‍ നഗരസഭ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. അജ്മാന്‍ സിറ്റി സെന്‍ററിന് സമീപത്തെ ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ ഒരുക്കിയ വിരുന്നിൽ ആറായിരത്തോളം പേര്‍ നോമ്പു തുറന്നു.
ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി ചെയര്‍മാനായ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ അജ്മാനിലെ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരിച്ചു. ശൈഖ് സായിദ് പകര്‍ന്നു നല്‍കിയ സാഹോദര്യ മാതൃക പിന്‍പറ്റി കൊണ്ടാണ് സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ കോര്‍ത്തിണക്കി കൊണ്ട് ഇഫ്താര്‍ സംഘടിപ്പിച്ചത്.

ഇഫ്താര്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം വന്നത് മുതല്‍ സര്‍ക്കാര്‍ വകുപ്പുകളായ അജ്മാന്‍ പൊലീസ്, ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍, സിവില്‍ ഡിഫന്‍സ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. പരിപാടിയുടെ നിയന്ത്രണത്തിന് എഴുന്നൂറോളം സന്നദ്ധസേവകരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
വര്‍ഷങ്ങളായി ഗള്‍ഫിലുള്ള തങ്ങള്‍ ആദ്യമായാണ് ഇത്തരമൊരു ഇഫ്താറില്‍ പങ്കെടുക്കുന്നതെന്നും അജ്മാന്‍ നഗരസഭയുടെ റെക്കോഡ് നേട്ടത്തിനു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കളമശ്ശേരി സ്വദേശി മുഹമ്മദ് റഷീദ്, കോഴിക്കോട് സ്വദേശി ആദം, ഗുരുവായൂര്‍ സ്വദേശി കബീര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha



























