കുവൈത്തില്‍ ജോലിയോ ശമ്പളമോ ലഭിക്കാതെ 80 ഇന്ത്യന്‍ നഴ്‌സുമാര്‍; നഴ്‌സുമാരുടെ വിവരങ്ങള്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി; അനുകൂല നിലപാട് കാത്ത് പ്രവാസി നഴ്‌സുമാര്‍

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിയമനം നേടിയെങ്കിലും 80 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ജോലിയോ ശമ്പളമോ ലഭിക്കുന്നില്ല. നഴ്‌സുമാരുടെ പൂര്‍ണവിവരങ്ങളും ഇന്ത്യന്‍ എംബസി അധികൃതര്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി. ഇവരില്‍ ഭൂരിഭാഗവും മലയാളി നഴ്‌സുമാരാണ്. അനുകൂലമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാര്‍. രണ്ടു വര്‍ഷ്തതോളമായി ജോലിയും ശമ്പളവുമില്ലാതെ കുവൈത്തില്‍ കഴിഞ്ഞ മലയാളികളടക്കമുള്ള നഴ്‌സുമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ആരോഗ്യമന്ത്രാലയത്തിലെ പുതിയ നീക്കങ്ങള്‍.
ശമ്പളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 80 പേരുടെ പട്ടിക കഴിഞ്ഞ മാസം ഇന്ത്യന്‍ എംബസി ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പട്ടികയില്‍ ഉള്‍പ്പെട്ട ഓരോരുത്തരെക്കുറിച്ചുമുള്ള പൂര്‍ണവിവരം ലഭ്യമാക്കണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ളവ നല്‍കിയത്.
നഴ്‌സ് റിക്രൂട്ട്‌മെന്റ് വിവാദത്തില്‍ ആയ 2015ല്‍ നിയമനം നേടിയവരാണ് കുവൈത്തില്‍ എത്തിയിട്ടും ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്.അതേസമയം വിവാദത്തില്‍പ്പെട്ട ഏജന്‍സികള്‍ വഴി കുവൈത്തില്‍ എത്തിയ ചിലരും ഈ പഴുത് ഉപയോഗിച്ച് പട്ടികയില്‍ ഉള്‍പ്പെടാന്‍ ശ്രമിച്ചുവെങ്കിലും എംബസി പരിഗണിച്ചില്ല. പട്ടികയിലെ എണ്ണം അടിക്കടി വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കിയതായും വിവരമുണ്ട്. ദുരിതത്തിലായ നഴ്‌സുമാര്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് എംബസി അധികൃതര്‍ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടത്.
https://www.facebook.com/Malayalivartha



























