ഖത്തർ ചുട്ടു പഴുക്കുന്നു; തൊഴിലാളികള്‍ക്ക് നാളെ മുതല്‍ ഉച്ച സമയങ്ങളിൽ വിശ്രമിക്കാം

ദോഹ: ഖത്തറില്‍ പുറംജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നാളെ മുതല്‍ ഉച്ച സമയങ്ങളിൽ വിശ്രമിക്കാനാകും. രാവിലെ 11.30 മുതല്‍ മൂന്നു വരെയാണ് വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്. വേനലിന് കാഠിന്യം ശക്തമാകുന്ന സാഹചര്യത്തിലാണ് മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ പതിനഞ്ചു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
ആഗസ്റ്റ് 31 വരെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള അനുവദിക്കണമെന്നാണ് നിയമം. കഴിഞ്ഞ കുറേവര്‍ഷങ്ങളായി വേനല്‍ക്കാലത്ത് തൊഴില്‍മന്ത്രാലയം ഇത്തരമൊരു നിയന്ത്രണം നടപ്പാക്കുന്നുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമാകും.
ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി തൊഴിലാളികളാണ് ഇവിടെയുള്ളത്. തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികളില്‍നിന്നും വന്‍തുക പിഴ ഈടാക്കും. കൂടാതെ കമ്പനി ഒരു മാസം വരെ പൂട്ടിയിടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. 2007 മുതലാണ് മധ്യാഹ്ന വിശ്രമ സമയം അനുവദിക്കാന്‍ നിയമപരമായി തീരുമാനമെടുത്തത്.
രാവിലെ തുടര്‍ച്ചയായി അഞ്ചുമണിക്കൂറിലധികം തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കരുതെന്ന് നിയമം നിര്‍ദ്ദേശിക്കുന്നു. നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാല്‍ തൊഴില്‍മന്ത്രാലയത്തെ നേരിട്ട് വിളിച്ചറിയിക്കാം. ഇതിനായി ഹെല്‍പ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. ഈ രണ്ടര മാസം തൊഴിലാളികളുടെ ജോലി സമയക്രമം തൊഴില്‍സ്ഥലത്ത് കൃത്യമായി പ്രദര്‍ശിപ്പിച്ചിരിക്കണം.
തൊഴിലാളികള്‍ക്കും തൊഴില്‍ പരിശോധകര്‍ക്കും പെട്ടെന്ന് കാണാവുന്ന വിധത്തിലായിരിക്കണം ഡ്യൂട്ടി ഷെഡ്യൂള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. ഖത്തറിലെ താപനില 47 ഡിഗ്രി സെല്‍ഷ്യല്‍സിനു മുകളിലാണ്. വരും ദിവസങ്ങളിലും താപനില വര്‍ധിക്കാനാണ് സാധ്യത. കടുത്ത ചൂടില്‍ ദീര്‍ഘനേരം ജോലി ചെയ്താല്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha



























