ഖരീഫ് സീസണിനായി സലാല ഉണർന്നു; പച്ച പിടിച്ച താഴ്വരകൾ വിനോദ സഞ്ചാരികൾക്ക് അത്ഭുതമാകും

സലാലയിൽ നാളെ മുതൽ മഴക്കാല സീസൺ ആരംഭിക്കുന്നു. സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് സീസൺ ഒമാനിലെ ഏറ്റവും വലിയ ആഘോഷ കാലം കൂടിയാണ്. സലാലയിലെ മലകളും കുന്നുകളും താഴ്വരകളും പകരുന്ന ഹരിത ഭംഗി നുകരാൻ വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് സലാലയിലേക്ക് ഒഴുകിയെത്തുക.
സലാലയിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് ദോഫാർ നഗരസഭയും ടൂറിസം മന്ത്രാലയവും നടത്തുന്നത്. മെകുനുവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ സലാലയിലെത്തുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.
മേകുനു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയുടെ ഫലമായി ദോഫാറിലെ താഴ്വരകൾ പച്ച പിടിച്ചിട്ടുണ്ട്. വെള്ളച്ചാട്ടങ്ങളും രൂപം കൊണ്ടിട്ടുണ്ട്. ഖരീഫ് മഴ കൂടി എത്തുന്നതോടെ പച്ചപ്പിന്റെയും വെള്ളച്ചാട്ടങ്ങളുടെയുമൊക്കെ അഴക് വർധിക്കും.
ചെറിയ പെരുന്നാൾ സീസണിൽ മലയാളികളടക്കം നിരവധി വിദേശികൾ സലാലയിലെത്തിയിരുന്നു. ഇനി ബലി പെരുന്നാൾ സീസണിലാണ് കൂടുതൽ വിദേശി സന്ദർശകരെത്തുക. ഇതിനിടയിലുള്ള സമയങ്ങളിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വദേശികളും ഇവിടെയെത്തും. അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങൾ വേനൽ ചൂടിൽ വെന്തുരുകുന്ന സമയത്താണ് പ്രകൃതിയുടെ വരദാനം പോലെ സലാലയിൽ ഖരീഫ് മഴയെത്തുക.
സന്ദർശകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദോഫാർ ഗവർണറേറ്റ് ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ മർഹൂൻ ബിൻ സഇൗദ് അൽ അംരി പറഞ്ഞു. ഇതിന്റെ ഭാഗമായി ദോഫാർ ടൂറിസം മാപ്പ് പുറത്തിറക്കി. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്മെന്റുകൾ, റെസ്റ്ററന്റുകൾ, മാർക്കറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവയടക്കമുള്ള നിരവധി വിവരങ്ങളാണ് ടൂറിസം മാപ്പിലുള്ളത്.
https://www.facebook.com/Malayalivartha



























