മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിംഗ് ചൗഹാന്‍റെ ഭാര്യ സദ്‌നാ സിംഗിന്‍റെ സഹോദരനായ സഞ്ജയ് സിംഗാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ നയിക്കുന്ന മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ നിന്നുതന്നെ ഒരാള്‍ എതിര്‍പക്ഷത്ത് ചേര്‍ന്നത് പാര്‍ട്ടിയ്ക്കും ശിവരാജ് സിങ് ചൗഹാനും ക്ഷീണമായി എന്നതില്‍ സംശയമില്ല.
നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്, പ്രചാരണവിഭാഗം തലവന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിംഗിന്‍റെ പാര്‍ട്ടി പ്രവേശനം.
13 വര്‍ഷമായി തുടര്‍ച്ചയായി ഭരിക്കുന്ന ശിവരാജ്‌സിംഗ് ചൗഹാനിന് പകരം കമല്‍നാഥിനെയാണ് മധ്യപ്രദേശുകാര്‍ക്ക് ഇനി വേണ്ടതെന്ന് സഞ്ജയ് സിങ് പറഞ്ഞു. 13 വര്‍ഷം മതിയായ കാലഘട്ടമാണ്. ഇനി മറ്റുളളവര്‍ക്ക് അവസരം ലഭിക്കണം. മധ്യപ്രദേശിന്‍റെ വികസനത്തിന് വേണ്ടിയാണ് കമല്‍നാഥ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയുടെ ഹീനമായ നടപടികള്‍ക്കുള്ള തങ്ങളുടെ മറുപടിയാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ത്ര ഗുപ്ത പ്രതികരിച്ചു. എന്നാല്‍ മാസാനിയുടെ രാഷ്ട്രീയ ഔന്നിത്യം ചോദ്യം ചെയ്ത ബിജെപി കോണ്‍ഗ്രസിലെ വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്ക് മാസാനിയുടെ കടന്നുവരവിനോട് എതിര്‍പ്പുണ്ടെന്നും ആരോപിച്ചു.
ഏത് രാഷ്ട്രീയത്തില്‍ ചേരണം എന്നത് തന്‍റെ അമ്മാവന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്‍റെ മകന്‍ കാര്‍ത്തികേയ ചൗഹാന്‍റെ പ്രതികരണം. അദ്ദേഹം തന്‍റെ അമ്മാവനാണ്. ഞങ്ങള്‍ തമ്മില്‍ കുടുംബപരമായ ബന്ധങ്ങള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കാര്‍ത്തികേയ ചൗഹാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























