ലൈംഗികാരോപണ വിധേയരായ എക്സിക്യൂട്ടിവ് അംഗങ്ങളോട് ഗൂഗിളിന് മൃദു സമീപനം; അസാധാരണ പ്രതിഷേധമറിയിച്ച് ഗൂഗിൾ ജീവനക്കാർ

ലൈംഗികാതിക്രമ പരാതികളില്‍ ഗൂഗിളിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടികളുണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ഇരമ്പുകയാണ്. ലൈംഗികാരോപണ വിധേയരായ എക്സിക്യൂട്ടിവ് അംഗങ്ങളോട് ഗൂഗിൾ മൃദു സമീപനാമാണ് കൈക്കൊള്ളുന്നതെന്നു കാണിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഗൂഗിൾ ജീവനക്കാർ പ്രകടനം സംഘടിപ്പിച്ചു.
സ്ഥിതിഗതികൾ ശാന്തമാക്കാൻ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അസാധാരണമായ പ്രതിഷേധത്തിന് ഗൂഗിളിന്‍റെ ലോകമെമ്പാടുമുള്ള ഓഫീസുകൾ ഇന്നലെ സാക്ഷിയാവുകയായിരുന്നു.
ഇന്നലെ രാവിലെയാണ് ലോകമെമ്പാടും ജോലി നിറുത്തിവച്ച് ഓഫീസിന് പുറത്ത് പ്രതിഷേധത്തിൽ പങ്കുചേർന്നത്. സിംഗപ്പൂർ, സൂറിച്ച്, ലണ്ടൻ, ടോക്കിയോ, ബർളിൻ, ന്യൂയോർക്ക് തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഗൂഗിൾ ഓഫീസുകളിലെ ജീവനക്കാർ പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നു. അതേസമയം വനിതാ ജീവനക്കാരായിരുന്നു ഇവരിൽ ഭൂരിഭാഗവും. നഗരങ്ങളിൽ നടന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും അവർ പങ്കുവച്ചു.
2016 മുതൽ ഗൂഗിളിലെ ഉന്നതോദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ തുടർന്ന് 48 പേരെ ഗൂഗിൾ എക്സിക്യൂട്ടിവ് ഓഫീസർ സുന്ദർ പിച്ചൈ പുറത്താക്കിയിരുന്നു. എന്നാൽ ആൻഡ്രോയ്ഡിന്‍റെ പിതാവെന്നു അറിയപ്പെടുന്ന ആന്‍ഡി റൂബിനെ പുറത്താക്കിയത് ജീവനക്കാരികളിൽ ഒരാളോട് ഹോട്ടൽ മുറിയിൽ വച്ച് പ്രകൃതി വിരുദ്ധ സെക്സ് നടത്തിയതിനാണെന്നും 90 ദശലക്ഷം ഡോളർ (ഏകദേശം 660.20 കോടി രൂപ) നൽകിയാണ് 2014ൽ അദ്ദേഹത്തെ ഗൂഗിൾ യാത്രയാക്കിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു.
ഇതോടെ പരസ്യ ക്ഷമാപണവുമായി സുന്ദർ പിച്ചൈ തന്നെ രംഗത്തെത്തുകയും ചെയ്തു. പരസ്യ പ്രതിഷേധത്തിന് ജീവനക്കാർ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്തു വന്നതോടെയാണ് ഇ–മെയിൽ സന്ദേശത്തിലൂടെ ജീവനക്കാരോട് പിച്ചൈ ക്ഷമാപണം നടത്തിയത്.
അതേസമയം, ഗൂഗിളിന്‍റെ പരീക്ഷണ വിഭാഗമായ ആൾഫബെറ്റ് എക്സിലെ ഡയറക്ടറായ റിച്ചാര്‍ഡ് ഡിവോൾ വിരമിക്കൽ പാക്കേജ് കൂടാതെ രാജിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ സ്ഥാനം പിടിച്ച പ്രധാനികളിൽ ഒരാളായിരുന്നു ഡിവോള്‍. ഗൂഗിളിൽ അഭിമുഖത്തിനെത്തിയ തന്നോട് ഡിവോൾ അപമര്യാദയായി പെരുമാറിയതായി ഒരു യുവതി ആരോപിച്ചിരുന്നു. ഡിവോൾ പിന്നീട് മാപ്പു പറഞ്ഞെങ്കിലും തുടർ നടപടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജീവനക്കാർക്കിടയില്‍ തന്നെ ശക്തമാകുന്ന എതിർപ്പുകള്‍ കണക്കിലെടുത്ത് ലൈംഗികാരോപണങ്ങളിലെ നിലപാട് മാറ്റാൻ ഗൂഗിൾ തയാറാകുന്നതിന്‍റെ സൂചനയായാണ് ഡിവോളിന്‍റെ രാജി വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha



























