ഇറാനെ കടുത്ത സാമ്പത്തികരാഷ്ട്രീയ സമ്മര്‍ദത്തിലാക്കുന്ന വ്യവസ്ഥകളുമായി യു.എസ്. കൊണ്ടുവരുന്ന ഉപരോധം ഇന്ന് പ്രാബല്യത്തില്‍ വരും

ഇറാനെ കടുത്ത സാമ്പത്തികരാഷ്ട്രീയ സമ്മര്‍ദത്തിലാക്കുന്ന വ്യവസ്ഥകളുമായി യു.എസ്. കൊണ്ടുവരുന്ന ഉപരോധം ഇന്ന് പ്രാബല്യത്തില്‍ വരും. ഇറാനുമേല്‍ ഇന്നേവരെ ചുമത്തിയിട്ടുള്ളതില്‍വെച്ചേറ്റവും കര്‍ക്കശമായ വ്യവസ്ഥകളാണ് പുതിയ ഉപരോധത്തിലുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. വരുന്നൂ ഉപരോധം എന്നെഴുതിയ സ്വന്തം ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരാനിരിക്കുന്ന രാഷ്ട്രീയ യുദ്ധത്തിന് തുടക്കമിട്ടത്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന ജനപ്രിയ ടി.വി. സീരിയലിന്റെ പരസ്യവാചകമായ വിന്റര്‍ ഈസ് കമിങ്ങിന്റെ ബാനര്‍ മാതൃകയിലാണ് ട്രംപ് തന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇറാന്‍ ആണവക്കരാര്‍ നിലവില്‍വന്ന 2015ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ് ഉപരോധവ്യവസ്ഥകള്‍ മയപ്പെടുത്തിയത്. ഉപരോധ വ്യവസ്ഥകളില്‍ ഇളവുവരുത്തുന്നതിനുപകരമായി ഇറാന്‍ ആണവ സമ്പുഷ്ടീകരണപദ്ധതികള്‍ നിര്‍ത്തിവെക്കുമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. ഇറാന്‍ ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്നതായി ആരോപിച്ച് ഈ വര്‍ഷം മേയില്‍ യു.എസ്. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ശനമായ വ്യവസ്ഥകളോടെ ഉപരോധം പുനഃസ്ഥാപിക്കാന്‍ യു.എസ്. ഒരുങ്ങുന്നത്. ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന മറ്റുരാജ്യങ്ങള്‍ക്കും ഉപരോധം തിരിച്ചടിയാവും. അതേസമയം, ഇന്ത്യയടക്കം എട്ടുരാജ്യങ്ങള്‍ക്ക് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യാനുള്ള അനുമതി യു.എസ്. നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























