ഗെയിം ഓഫ് ത്രോണ്‍സ് മാതൃകയിൽ ഇറാനെ പരിഹസിച്ച് ട്രംപിന്റെ പോസ്റ്റർ; കര്‍ക്കശമായ വ്യവസ്ഥകളുമായി ഇറാന്റെ മേലുള്ള ഉപരോധം നാളെ മുതൽ പ്രാബല്യത്തില്‍

ഇറാനെതിരെയുള്ള അമേരിക്കയുടെ ശക്തമായ ഉപരോധം തിങ്കളാഴ്ചയോടെ പ്രാബല്യത്തില്‍ വരാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇറാനുമേല്‍ അമേരിക്ക ഇന്നേവരെ ചുമത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും കര്‍ക്കശമായ വ്യവസ്ഥകളാണ് പുതിയ ഉപരോധത്തിലുള്ളത്.
‘വരുന്നൂ ഉപരോധം’ എന്നെഴുതിയ സ്വന്തം ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരാനിരിക്കുന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിന് തുടക്കമിട്ടത്. ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്ന ജനപ്രിയ ടി.വി. സീരിയലിന്റെ പരസ്യവാചകമായ ‘വിന്റര്‍ ഈസ് കമിങ്ങി’ന്റെ ബാനര്‍ മാതൃകയിലാണ് ട്രംപ് തന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇറാനെയും ഇറാനുമായി വ്യാപാരബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിട്ടാണു യുഎസിന്റെ നീക്കം. എന്നാല്‍ ഇറാനുമായുള്ള വ്യാപാരം തുടര്‍ന്നാല്‍ നേരിടേണ്ടിവരുന്ന നടപടികളില്‍ നിന്ന് ഇന്ത്യയും ജപ്പാനും ദക്ഷിണകൊറിയയുമടക്കം എട്ട് രാജ്യങ്ങള്‍ക്കു യുഎസ് താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ ഇറാനുമായുള്ള വ്യാപാരം ഈ രാജ്യങ്ങള്‍ അവസാനിപ്പിക്കുമെന്ന ധാരണയിലാണു ഇളവ് നല്‍കുന്നതെന്ന് യുഎസ് വ്യക്തമാക്കി.
ഉപരോധ നീക്കം യുഎസിന്റെ മാന്യതയ്ക്കും ഉദാര ജനാധിപത്യത്തിനും കളങ്കമാവുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രതികരിച്ചു. യുഎസും ഇറാനുമായുള്ള ബലാബലം 40 വര്‍ഷമായി തുടരുകയാണ്. ഇക്കാലത്തിനിടെ തങ്ങള്‍ക്കെതിരേ നിരവധി നടപടികള്‍ യുഎസ് സ്വീകരിച്ചിട്ടുണ്ട്. സാമ്ബത്തികമായും സൈനികമായും മാധ്യമയുദ്ധങ്ങളിലൂടെയും യുഎസ് തങ്ങള്‍ക്കെതിരേ നീക്കങ്ങള്‍ നടത്തി. എന്നാല്‍, അതിനെയെല്ലാം ഇറാന്‍ അതിജീവിച്ചിട്ടുണ്ടെന്നും ഖാംനഈ ട്വീറ്റ് ചെയ്തു.
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഈ വര്‍ഷം മെയില്‍ യുഎസ് ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. തുടര്‍ന്നു ഘട്ടംഘട്ടമായി ഉപരോധം പുനസ്ഥാപിച്ചു വരികയാണ്. അതേ സമയം, യുഎസ് ഉപരോധം മറികടക്കാന്‍ ഇറാനെ സഹായിക്കുമെന്നു റഷ്യ പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























