ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധനവിനെതിരായ പ്രതിഷേധം.... കണ്ണീര്‍വാതക ഷെല്‍ പൊട്ടി വയോധികയ്ക്ക് ദാരുണാന്ത്യം

ഇന്ധന നികുതി വര്‍ധനവിനെതിരായ പ്രതിഷേധത്തിനിടെ ഫ്രാന്‍സില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. മാഴ്‌സലയില്‍ നടന്ന പ്രതിഷേധത്തിനിടെ എറിഞ്ഞ കണ്ണീര്‍വാതകം വീടിന്റെ ജനലില്‍ ഇടിച്ചു പൊട്ടിയാണ് സ്ത്രീ മരിച്ചത്. പ്രതിഷേധങ്ങള്‍ നടക്കുന്നതിനു തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് സ്ത്രീ താമസിച്ചിരുന്നത്. പ്രതിഷേധം തുടങ്ങിയതോടെ ജനലിന്റെ വാതില്‍ അടയ്ക്കുന്നതിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയ നടത്തുന്നതിനിടെ മരിച്ചു.
രണ്ടാഴ്ചയ്ക്ക് മുന്പ് പ്രതിഷേധങ്ങള്‍ ആരംഭിച്ചശേഷം മൂന്നുപേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. ഞായറാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ 136,000 പേര്‍ പങ്കെടുത്തെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. സമരം നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നു ഫ്രഞ്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അരനൂറ്റാണ്ടിനുള്ളില്‍ പാരീസ് കണ്ട ഏറ്റവും അക്രമാസക്തമായ സമരമാണു ശനിയാഴ്ച അരങ്ങേറിയതെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























