മോശം വസ്ത്രധാരണം ആരോപിച്ച് അവതാരകയെ പാര്‍ലമെന്റിന്റെ പ്രസ്സ് ഗ്യാലറിയില്‍ നിന്ന് പുറത്താക്കിയതില്‍ വ്യാപക അമര്‍ഷം

എബിസി റേഡിയോ നാഷണല്‍ അവതാരക പട്രീഷ്യ കാര്‍വലസിനെ മോശം വസ്ത്രധാരണം എന്ന പേരില്‍ പുറത്താക്കിയതില്‍ വന്‍ പ്രതിഷേധം. പട്രീഷ്യയുടെ വസ്ത്രധാരണത്തില്‍ അവരുടെ കൈകള്‍ ഒരുപാട് കാണാമെന്നാരോപിച്ചായിരുന്നു നടപടി. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ നിന്നാണ് പട്രീഷ്യയെ പുറത്താക്കിയത്.
ധരിച്ച വസ്ത്രത്തിന്റെ ചിത്രവും സെല്‍ഫിയും പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിക്കുകയാണ് പട്രീഷ്യ. 'ഓസീസ് പാര്‍ലമെന്റിന് ഭ്രാന്താണോ' എന്ന് പട്രീഷ്യ ചോദിക്കുന്നു. തന്റെ വേഷത്തില്‍ ഒരു കുഴപ്പവും കാണാന്‍ കഴിയുന്നില്ലെന്ന് പട്രീഷ്യ പറയുന്നു. പ്രൊഫഷണലായ വേഷമാണത്. എനിക്കേറെ ഇഷ്ടപ്പെട്ട വേഷം. പക്ഷേ പാര്‍ലമെന്റിലെ അറ്റന്‍ഡന്റ് പറയുന്നത് ഈ വേഷം ഉചിതമല്ലെന്ന്. ഈ വേഷത്തില്‍ പാര്‍ലമെന്റില്‍ വരാന്‍ പാടില്ലെന്നും പുറത്തുപോകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യഥാര്‍ഥത്തില്‍ ചോദ്യത്തരവേളയില്‍നിന്ന് എന്നെ ചവിട്ടിപുറത്താക്കുകയായിരുന്നു... പട്രീഷ്യ വിശദീകരിച്ചു.
ട്വീറ്റ് വൈറലായതോടെ കൈകള്‍ പുറത്തുകാണുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൂടുതല്‍ സ്ത്രീകള്‍ രോഷമറിയിച്ച് എത്തി. പ്രസ് ഗാലറിയില്‍ പതിവുപോലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണ് പട്രീഷ്യ. ചോദ്യോത്തരവേളക്ക് മുന്‍പ് അറ്റന്‍ഡന്റ് എത്തി പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. കൈകള്‍ പുറത്തുകാണുന്ന വസ്ത്രം ധരിച്ചതിനാല്‍ സ്പീക്കറാണ് പുറത്തുപോകാന്‍ അറിയിച്ചതെന്ന് അറ്റന്‍ഡന്റ് അറിയിച്ചു. ശരീരം മറച്ചുവേണം പാര്‍ലമെന്റിലെത്താന്‍ എന്ന നിര്‍ദേശവും ലഭിച്ചുവത്രേ.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ വെബ്‌സൈറ്റില്‍ വിശദീകരണം പ്രത്യക്ഷപ്പെട്ടു. വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ഓരോ വ്യക്തിയുടെയും വിവേചനാധികാരത്തില്‍പ്പെടുന്നതാണ് വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പും. എങ്കിലും പുരുഷന്‍മാര്‍ ട്രൗസറും ജാക്കറ്റും ടൈയും ധരിച്ചു പാര്‍ലമെന്റില്‍ എത്തുന്നതാണു നല്ലത്. സമാനമായ ഫോര്‍മല്‍ വസ്ത്രധാരണം സ്ത്രീകളില്‍നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

പാര്‍ലമെന്റംഗം ജൂലി ബിഷപ്പിന്റെ വസ്ത്രവും അതിനിടെ ചര്‍ച്ചയായി. സ്ലീവ്‌ലെസ് ടോപ്പുകള്‍ ധരിച്ചാണ് ജൂലി എപ്പോഴും പാര്‍ലമെന്റിലെത്താറ്. അതിലൊന്നും പ്രതിഷേധിക്കാത്ത സ്പീക്കര്‍ ഒരു മാധ്യമപ്രവര്‍ത്തകയോട് ഇത്തരത്തില്‍ പെരുമാറിയതിലാണ് പ്രതിഷേധം.
https://www.facebook.com/Malayalivartha


























