ക്രാനിയോപേജസ് അവസ്ഥയിൽ തലയോട്ടികള്‍ ഒട്ടിച്ചേർന്ന നിലയിൽ ജീവനും മരണത്തിനും ഇടയില്‍ ഇരട്ടകൾ കടന്നുപോയ മണിക്കൂറുകള്‍; സഫയും മര്‍വയും ഇനി രണ്ടുപേര്‍, ഇരട്ടകളെ വേര്‍പ്പെടുത്തി...

തലകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ ജനിച്ച രണ്ടുവയസുള്ള പാക് ഇരട്ടകളെ ലണ്ടനിലെ ആശുപത്രിയില്‍ നടത്തിയ സര്‍ജറിയിലൂടെ വിജയകരമായി വേര്‍പെടുത്തി. സഫ, മര്‍വ എന്നിങ്ങനെ പേരുള്ള രണ്ടു പെണ്‍കുട്ടികളുടെയും തലയോട്ടിയും തലച്ചോറും രക്തധമനികളും വേര്‍പെടുത്തിയതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. 2017 ജനുവരിയില്‍ തലയോട്ടികള്‍ ചേര്‍ന്ന നിലയില്‍ ക്രാനിയോപേജസ് എന്ന അവസ്ഥയില്‍ ജനിച്ച ഇവരുടെ ശരീരം രണ്ടായി തന്നെ നിന്നു. ഇത്തരത്തിലുള്ളവരെ വേര്‍പെടുത്തുക അതീവ ശ്രമകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പത്ത് ലക്ഷത്തില്‍ ഒരാളെയേ ഇങ്ങനെ രക്ഷിച്ചെടുക്കാന്‍ സാധിക്കാറുള്ളൂ. 50 മണിക്കൂര്‍ നീണ്ട സര്‍ജറിയിലൂടെയാണ് ഡോക്ടര്‍മാര്‍ സഫയെയും മര്‍വയെയും വേര്‍പെടുത്തിയത്. കുട്ടികളെ നാലുമാസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്ന് സര്‍ജറി നടത്തിയ ഓര്‍മന്‍ഡ് സ്ട്രീറ്റ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ 50 കേസുകള്‍ ശരാശരി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ ഏകദേശം 15 കേസുകളില്‍ മാത്രമാണ് കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുക തന്നെ. മിക്കവാറും കുഞ്ഞുങ്ങള്‍ക്കും ആദ്യ 30 ദിവസങ്ങള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടപ്പെടുകയാണത്രേ പതിവ്. അത്രയും ഗുരുതരമായ അവസ്ഥയായതിനാല്‍ തന്നെ സഫയുടേും മര്‍വയുടേയും കാര്യത്തിലും ഡോക്ടര്‍മാര്‍ കൂടുതല്‍ പ്രതീക്ഷകളൊന്നും കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ കൃത്യമായ ചികിത്സയും പരിചരണങ്ങളും മാതാപിതാക്കളുടെ സ്‌നേഹസാമീപ്യവും സഫയേയും മര്‍വയേയും രണ്ട് വര്‍ഷം പിടിച്ചുനിര്‍ത്തി.
രണ്ട് വയസിന് ശേഷം, അതേ അവസ്ഥ തുടരുന്നത് പന്തിയല്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് വലിയൊരു ശസ്ത്രക്രിയയ്ക്ക് മക്കളെ വിധേയരാക്കാന്‍ മനസില്ലാമനസ്സോടെ ആ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ജീവന്‍ വച്ചുള്ള പരീക്ഷണമാണെന്ന് തിരിച്ചറിഞ്ഞിട്ടും അതില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായില്ല. ഏറ്റവും നല്ലൊരു ആശുപത്രിയില്‍ വച്ചുവേണം ശസ്ത്രക്രിയ നടത്താനെന്ന് അവര്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ലണ്ടനിലെ 'ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ്' ആശുപത്രിയിലേക്ക് മക്കളെയും കൊണ്ട് അവര്‍ യാത്ര തിരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശസ്ത്രക്രിയ.
വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം മണിക്കൂറുകള്‍ നീണ്ട മേജര്‍ ശസ്ത്രക്രിയയിലൂടെ സഫയേയും മര്‍വയേയും വേര്‍പെടുത്തി. ശസ്ത്രക്രിയയ്ക്ക് ശേഷവും അവര്‍ അപകടനില തരണം ചെയ്തിരുന്നില്ല. ജീവിതത്തിലേക്ക് ആ കുഞ്ഞുങ്ങള്‍ മടങ്ങിയെത്തിയെന്ന് പറയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് അന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ഒടുവില്‍ ഈ മാസം ആദ്യത്തോടെ കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടതായും തുടര്‍ചികിത്സകള്‍ വീട്ടില്‍ താമസിച്ചുകൊണ്ട് നടത്താവുന്നതേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞുങ്ങള്‍ അപകടഘട്ടം കടന്നുകിട്ടിയതിന് ശേഷം മാത്രമാണ് ഈ വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടത് തന്നെ. ആരോഗ്യരംഗത്തിന് വളരെയേറെ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തയാണിതെന്നാണ് 'ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ്' ആശുപത്രി മാനേജ്‌മെന്റ് ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha