ബ്രിട്ടിഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്കിന് പൂട്ടുവീണു

1.6 ബില്യന്‍ പൗണ്ടിന്റെ കടബാധ്യതയുണ്ടായിരുന്ന ബ്രിട്ടിഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്കിന് പൂട്ടുവീണു. ലോകത്താകമാനം ഉപയോക്താക്കളും ബിസിനസ് ശൃംഖലയുമുള്ള കമ്പനിയുടെ പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമവും പാളിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിയത്. ഏറെ പ്രതിസന്ധിയിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി കമ്പനി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. 200 മില്യന്‍ പൗണ്ടിന്റെ അടിയന്തര സഹായം ലഭിച്ചിരുന്നെങ്കില്‍ മാത്രം കമ്പനിക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു.
റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഞായറാഴ്ച ചേര്‍ന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ കടബാധ്യത തീര്‍ക്കാനായില്ലെങ്കില്‍ കമ്പനി പൂട്ടേണ്ടി വരുമെന്നു അറിയിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍മാരായ ചൈനീസ് കമ്പനി ഫോസനുമായി ചേര്‍ന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമം നടത്തിയിരുന്നു. എന്നാല്‍ അടിയന്തര സഹായമായ 200 മില്യന്‍ പൗണ്ട് നല്‍കാന്‍ ഇവരും തയാറാകാതിരുന്നതോടെ തോമസ് കുക്കിന് പൂട്ടുവീണു.
ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവര്‍ത്തന സംവിധാനങ്ങളുമുണ്ട്. 16 രാജ്യങ്ങളിലായി 22,000 പേര്‍ തോമസ് കുക്കില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മണി എക്‌സ്‌ചേഞ്ചുകളും വിമാന സര്‍വീസുകളും ഫെറി സര്‍വീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനി പൂട്ടിയതോടെ ഇവിടുത്തെ ജീവനക്കാരുടെയെല്ലാം കാര്യം പ്രതിസന്ധിയിലായി.
1841-ല്‍ തുടങ്ങിയ തോമസ് കുക്കിലൂടെ നിലവില്‍ ബ്രിട്ടിഷുകാരായ വിനോദ സഞ്ചാരികള്‍ മാത്രം 1,80,000 പേര്‍ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഇവരുടെ തിരിച്ചുള്ള യാത്ര യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏറ്റെടുത്തതായി ഗതാഗത സെക്രട്ടറി ഗ്രാന്‍ഡ് ഷാപ്‌സ് അറിയിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇവരെ നാട്ടില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha