ട്രംപിന്റെ വിരട്ടലിൽ ഇമ്രാൻ ചുരുളുന്നു; വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്കയ്‌ക്കൊപ്പം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അണിചേർന്നത് വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിപ്പോയെന്നു ഇമ്രാന്‍ ഖാന്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്കയ്‌ക്കൊപ്പം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അണിചേർന്നത് വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിപ്പോയെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജനറല്‍ പര്‍വേസ് മുഷറഫിന്റെ തീരുമാനത്തെയും ഇമ്രാൻ വിമർശിച്ചു. ശരിയായി ചെയ്യാന്‍ കഴിയാത്ത കാര്യം വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് ഇമ്രാന്റെ വിമർശനം.
''1980-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ കടന്നുകയറിയപ്പോള്‍ അതിനെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. ലോകമെമ്പാടുനിന്നും ഐഎസ്‌ഐ പരിശീലനം സിദ്ധിച്ച ഭീകരരെ പോരാട്ടത്തിനായി അഫ്ഗാനിലേക്കു ക്ഷണിച്ചു. അക്കാലത്ത് അവരെ വീരന്മാരായാണു പരിഗണിച്ചത്. 1989-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ വിട്ടതോടെ അമേരിക്കയും പോയി. പിന്നെ ഈ ഗ്രൂപ്പുകള്‍ പാക്കിസ്ഥാന്റെ തലയിലായി.'' എന്ന് ഇമ്രാന്‍ പ്രതികരിച്ചു.
2001-ല്‍ അമേരിക്കന്‍ അധിനിവേശത്തിനു മുമ്പ് അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ച മൂന്നു രാജ്യങ്ങളില്‍ ഒന്നായിരുന്നു പാക്കിസ്ഥാന്‍. എന്നാല്‍ അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന് നടത്തിയ ചാവേർ ആക്രമണത്തിനു ശേഷം അമേരിക്കയുടെ അധിനിവേശകാലത്ത് താലിബാനെതിരെ യുഎസ് സൈന്യത്തെ സഹായിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്.
ചാവേർ ആക്രമണത്തിനു ശേഷം അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്നതോടെ ഇതേ ഗ്രൂപ്പുകള്‍ക്കെതിരെ ഭീകരവിരുദ്ധ പോരാട്ടമാണ് പാക്കിസ്ഥാനു നടത്തേണ്ടിവന്നതെന്നും ഇമ്രാന്‍ പറഞ്ഞു. വിദേശാധിപത്യത്തിന് എതിരായ പോരാട്ടം ജിഹാദ് ആണെന്നു പറഞ്ഞിരുന്ന സ്ഥാനത്ത് സോവിയറ്റ് യൂണിയന്‍ മാറി അമേരിക്ക എത്തിയപ്പോള്‍ അത് ഭീകരത ആയി മാറി. ഇത്തരം പോരാട്ടങ്ങളില്‍ നിക്ഷ്പക്ഷമായി ഇടപെടുകയാണ് പാക്കിസ്ഥാന്‍ ചെയ്യേണ്ടിയിരുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍ സൈനിക പരിഹാരം സാധ്യമല്ല. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്നും ഇമ്രാന്‍ പറഞ്ഞു. 19 വര്‍ഷം കൊണ്ടു വിജയം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനിയൊരു 19 വര്‍ഷം കൂടിയെടുത്താലും അതിനു കഴിയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു പാക്കിസ്ഥാന്‍ കടന്നുപോകുന്നതെന്നും ആപത്ഘട്ടത്തില്‍ സഹായിച്ച ചൈനയോടു നന്ദിയുണ്ടെന്നും ഇമ്രാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha