മോദിയുമായി ചർച്ച ചെയ്യൂ; കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. തിങ്കളാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് വീണ്ടും ട്രംപിന്റെ വാഗ്‌ദാനം. ഇമ്രാന്‍ ഖാനും നരേന്ദ്രമോദിയും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ അതിന് തയ്യാറാണെന്നും അത് തന്നെക്കൊണ്ട് സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
എനിക്ക് പാകിസ്ഥാനെ വിശ്വാസമാണ്. കശ്മീരിലെ എല്ലാവര്‍ക്കും നല്ല ജീവിതസാഹചര്യമുണ്ടാവണമെന്നാണ് ആവശ്യം. നരേന്ദ്രമോദിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഇമ്രാന്‍ ഖാനുമായും നല്ല ബന്ധമുണ്ട്. ഒരു പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ രണ്ടുപേരും ആവശ്യപ്പെടുകയാണെങ്കില്‍ അതിന് തയ്യാറാണ്. ഞാന്‍ ഒരു നല്ല മധ്യസ്ഥനാണെന്നാണ് കരുതുന്നതെന്നും ട്രംപ് വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൂസ്റ്റണില്‍ വേദി പങ്കിട്ടതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയത്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് മുൻപും പലതവണ അറിയിച്ചിരുന്നു. എന്നാല്‍ കശ്മീരില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും ഇത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.
https://www.facebook.com/Malayalivartha