ഭീഷണി സന്ദേശം അയച്ച യുവതിക്ക് യുഎസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ, പല കഷ്ണങ്ങളായി വെട്ടി മുറിക്കുമെന്നും ചോര രുചിക്കുമെന്നും സന്ദേശം!

തന്റെ എതിരാളികള്‍ക്ക് നിരന്തരം ഭീഷണി സന്ദേശം അയച്ച യുവതിക്കു യുഎസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ. മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് പേര്‍ക്കാണ് 369 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്നും 18 ഇമെയില്‍ അഡ്രസുകളില്‍ നിന്നും ഫിറ്റ്‌നെസ് ട്രെയിനറായ ടാമ്മി സ്റ്റെഫന്‍ (37) നിരന്തരം സന്ദേശം അയച്ചത്.
നിന്നെ പല കഷ്ണങ്ങളായി വെട്ടി മുറിക്കുമെന്നും ചോര രുചിക്കുമെന്നും തുടങ്ങുന്ന സന്ദേശങ്ങളാണ് ബോഡി ബില്‍ഡിങ് രംഗത്തെ തന്റെ എതിരാളികളെയും മുന്‍ വ്യവസായ പങ്കാളികളെയും ഭീഷണിപ്പെടുത്താന്‍ വേണ്ടി അയച്ചതെന്ന് ടാമ്മി കുറ്റസമ്മതം നടത്തിയിരുന്നു.
തന്റെ മകളെ മുന്‍ വ്യവസായ പങ്കാളി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന ആരോപണം ടാമ്മി ഉയര്‍ത്തിയെങ്കിലും അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മുന്‍ വ്യവസായ പങ്കാളിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനും വ്യാജ തെളിവുകള്‍ സൃഷ്ടിച്ചു കുടുക്കാന്‍ ശ്രമിച്ചതിനും ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തന്റെ മുന്‍ വ്യവസായ പങ്കാളി തലയില്ലാത്ത ഒരു പാവക്കുട്ടിയെ തന്റെ വീടിനു മുന്നില്‍ കൊണ്ടു വന്നിട്ടുവെന്നു കാണിച്ച് ടാമ്മി പൊലീസില്‍ പരാതി നല്‍കിയത് 2018 ജൂലൈ 9-നാണ്. കുട്ടിയ്ക്കുള്ള പുതിയ കളിപ്പാട്ടം എന്ന് അതില്‍ എഴുതിയിരുന്നതായും ടാമ്മി നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും ടാമ്മി ആരോപണം ഉയര്‍ത്തി. 12-കാരിയായ മകള്‍ നായയ്ക്കു ഭക്ഷണം കൊടുക്കുമ്പോഴാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നതെന്നും ടാമ്മി പറഞ്ഞു.
ടാമ്മിയുടെ മുന്‍ വ്യവസായ പങ്കാളിയെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവെങ്കിലും കുട്ടിയെ ചോദ്യം ചെയ്തതോടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. മുന്‍ വ്യവസായ പങ്കാളിയെ വ്യാജ തെളിവുകള്‍ നിരത്തി കുടുക്കാന്‍ ശ്രമിച്ചതിനു ടാമ്മി അറസ്റ്റിലായി. പിന്നീടാണ് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായത്.
https://www.facebook.com/Malayalivartha