പ്രശസ്തി കൊണ്ടുവന്ന വെള്ളപ്പാണ്ട്

ചാന്റ്‌ലിയുടെ നാലാം വയസിലാണ് അവളുടെ മുഖത്ത് ഒരു വെള്ളപ്പാട് വലുതായി വരുന്നത് അവളുടെ അമ്മ കണ്ടുപിടിച്ചത്. അമ്മ ചാന്റ്‌ലിയെയും കൊണ്ട് ആശുപത്രിയിലെത്തി. മരുന്നില്ലാത്ത, വിറ്റിലിഗോ എന്ന രോഗമാണ് അവളെ ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേക്കപ്പ് ക്രീമുകള്‍ പുരട്ടിയാണ് പിന്നെ അമ്മ അവളെ പുറത്തിറക്കിയിരുന്നത്.
കൂട്ടുകാര്‍ക്കിടയില്‍ അവള്‍ ഒറ്റപ്പെടാന്‍ തുടങ്ങി. ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു. അമ്മ അവളെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തെങ്കിലും അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മെല്ലെ പഠനം നിര്‍ത്തി.
ഇന്ന് ചാന്റ്‌ലി ബ്രൗണ്‍ യങ് എന്ന പെണ്‍കുട്ടി ലോകമറിയുന്ന മോഡലാണ്. വിന്നി ഹാര്‍ലോ എന്ന പേരില്‍ 2011 -ല്‍ യൂട്യൂബിലൂടെ ചാന്റ്‌ലി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തന്റെ അവസ്ഥയെപ്പറ്റി അവള്‍ ലോകത്തോടു സംസാരിച്ചു. വിറ്റിലിഗോയുടെ വക്താവെന്നാണവള്‍ പരിചയപ്പെടുത്തിയത്.
സൗന്ദര്യത്തിന്റെ പേരില്‍ തനിക്ക് അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച സമൂഹത്തിലേക്ക് അതേ വഴികളിലൂടെ തിരിച്ചെത്താന്‍ തീരുമാനിച്ചു. അമേരിക്കയിലെ മോഡല്‍ അവതാരകയായ ടൈറ ബാങ്ക്‌സ് ഇന്‍സ്റ്റഗ്രാമില്‍ വിന്നിയുടെ ഫോട്ടോ കണ്ടു. മോഡലിങ്ങിന്റെ പുതിയ സാധ്യത അവളില്‍ കണ്ടെത്തി.
2014 ല്‍ അമേരിക്കയിലെ നെക്സ്റ്റ് ടോപ് മോഡല്‍ ഷോയിലേക്ക് വിന്നി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടില്‍ പുറത്തായെങ്കിലും പുതിയ ഓഫറുകള്‍ അവളെ തേടിയെത്തി. സ്പാനിഷ് ഫാഷന്‍ ബ്രാന്‍ഡായ ഡെസിഗ്‌വല്ലിന്റെ അംബാസിഡറായി തുടങ്ങി.
തൊട്ടടുത്ത വര്‍ഷം ലണ്ടന്‍ ഫാഷന്‍ വീക്കിലൂടെ റാംപ് മോഡലിങ്ങിലേക്ക്. പിന്നീട് ലോകത്തിലെ മിക്ക ഫാഷന്‍ ഷോകളിലും പുരസ്‌കാരജേതാവായി. പ്രമുഖ ഫാഷന്‍ മാഗസിനുകളുടെ കവര്‍ ഗേളായി. ലോകത്തെ സ്വാധീനിച്ച 100 വനിതകളിലൊരാളായി ബിബിസി 2016 -ല്‍ വിന്നിയെ തിരഞ്ഞെടുത്തു. ഇന്ന് മോഡലിങ്ങ് രംഗത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ് വിന്നി ഹാര്‍ലോ.
https://www.facebook.com/Malayalivartha