എല്ലാം മോദിമയം... ഇന്ത്യയ്‌ക്കെതിരെ ചൈന സഹായിക്കുമെന്ന് കണക്കുകൂട്ടിയ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു; ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്‌നങ്ങളില്‍ പഴയ നിലപാടില്‍ മാറ്റം വരുത്തി ചൈന; ഇമ്രാന്‍ ഖാന്റെ ബീജിങ് സന്ദര്‍ശന വേളയില്‍ പാക് അനുകൂല നിലപാടില്‍ മാറ്റം വരുത്തി ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള നയതന്ത്രം ഒരിക്കല്‍ കൂടി ഫലം കാണുകയാണ്. ഇന്ത്യയ്‌ക്കെതിരെ പല ലോക രാഷ്ടങ്ങളേയും അണി നിരത്താന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെ എല്ലാവരും കാലുമാറിയെങ്കിലും ചൈനയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ആ പ്രതീക്ഷയാണ് അസ്തമിക്കുന്നത്. യുഎന്നില്‍ കശ്മീര്‍ വിഷയം ചൈന ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന നിലപാട് മാറ്റി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ബീജിങ് സന്ദര്‍ശനവേളയിലാണ് പുതിയ മലക്കം മറിച്ചില്‍.
ഇത് പാകിസ്ഥാന വല്ലാത്തൊരവസ്ഥയിലാക്കിയിട്ടുണ്ട്. ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നു ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് അറിയിച്ചു. രണ്ടു ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനായി എത്തിയതാണ് പാക് പ്രധാനമന്ത്രി.
കശ്മീര്‍ വിഷയം സമാധാനപരമായും യുഎന്‍ രക്ഷാസമിതിയുടെ മുന്‍പ്രമേയങ്ങള്‍ക്ക് അനുസൃതമായും പരിഹരിക്കണമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി യുഎന്‍ പൊതുസഭയില്‍ പറഞ്ഞത്. അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ പാക് ബന്ധം സാധാരണ നിലയിലാകാനാണ് ആഗ്രഹിക്കുന്നതെന്നും തത്സ്ഥിതി മാറ്റിമറിക്കുന്ന നടപടികള്‍ പാടില്ലെന്നും വാങ് യി അഭിപ്രായപ്പെട്ടു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കണമെന്നുമാണ് ഇന്ത്യ മറുപടി നല്‍കിയത്.
ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇരിക്കേയാണ് ചൈനയുടെ ഈ നിലപാട് മാറ്റം. കൂടാതെ യുഎന്‍ അംഗ രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും ആഭ്യന്തര വിഷയമാണെന്ന് അറിയിച്ച് ഇന്ത്യയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
അതേസമയം വിദേശകാര്യ വക്താവ് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങിന്റെ ഇന്ത്യ സന്ദര്‍ശനത്തെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയില്ല. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ഒരുമിച്ച് ബുധനാഴ്ച അറിയിക്കുമെന്നാണ് സൂചന. ഈ മാസം 11 മുതല്‍ 13 വരെ തമിഴ്‌നാട്ടിലെ ചരിത്ര നഗരമായ മഹാബലിപുരത്തുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഷിജിന്‍പിങ്ങിന്റെ ഇന്ത്യ സന്ദര്‍ശിക്കുമെന്നു പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ നിശ്ചയിച്ചതാണ് ഇമ്രാന്‍ ഖാന്റെ ചൈന സന്ദര്‍ശനം. ഇമ്രാനോടൊപ്പം പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വയും ചൈന സന്ദര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉച്ചകോടിക്കു മുന്‍പുതന്നെ കശ്മീര്‍ വിഷയത്തിലെ ചൈനയുടെ നിലപാട് മാറ്റം നയതന്ത്ര വിജയമായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം കശ്മീര്‍ വിഷയത്തില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്തില്‍ പരാജയപെട്ടുവെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ താന്‍ നിരാശരാണെന്നും മോദിയുടെ മേല്‍ ഇതുവരെ ഒരു സമ്മര്‍ദ്ദവും ചെലുത്താന്‍ സാധിച്ചില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
1.2 ബില്യണ്‍ ജനങ്ങളുടെ വിപണിയായിട്ടാണ് ലോകം ഇന്ത്യയെ കാണുന്നത്. അതുകൊണ്ടാണ് കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വിവരണം അവഗണിക്കപ്പെടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ സാമ്പത്തിക നിലവാരത്തെയും ആഗോള പ്രാധാന്യത്തെയും അംഗീകരിക്കുകയാണ് ഈ പ്രസ്താവനയിലൂടെ ചെയ്തത്.
https://www.facebook.com/Malayalivartha