വിദേശ ജോലികൾക്ക് ഇനി കടമ്പകൾ ഏറെ... വ്യവസ്ഥ കർശനമാക്കാൻ തീരുമാനം; പ്രതിസന്ധിയിലാകുന്നത് പ്രവാസികൾ...!

പൊതുമേഖലാ ജീവനക്കാർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ കർശനമാക്കാൻ തീരുമാനം. ഒരുവർഷത്തിനകം അത്തരം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടാനും തീരുമാനമുണ്ട്. ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, നീതിന്യായം, ഔഖാഫ് മന്ത്രാലയങ്ങളിലാണു ആദ്യഘട്ടത്തിൽ നിയമം കർശനമാക്കുന്നത്. തീരുമാനം അടുത്ത മാസം പ്രഖ്യാപിക്കും.
ജീവനക്കാരുടെ സർട്ടിഫിക്കറ്റ് കുവൈത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതായിരിക്കണം എന്നാണ് വ്യവസ്ഥ. തൊഴിലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനു കൈക്കൊണ്ടതാണു തീരുമാനം. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾ ഉൾപ്പെടെയുള്ള ചിലരുടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച സംശയമാണു പുതിയ നീക്കത്തിനു കാരണം. സംശയാസ്പദമായ ചില സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്ന് മുഴുവൻ ആളുകളുടെയും സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പുവരുത്താൻ തീരുമാനിക്കുകയായിരുന്നു.
ആദ്യ അപേക്ഷ നൽകുന്ന കുവൈത്തിലെ ഉന്നത വിദ്യാഭ്യാസവകുപ്പ് തൊട്ട് രേഖ കടന്നുപോകുന്ന സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് സംവിധാനമുണ്ടാക്കി എംബസിയുമായി ബന്ധപ്പെടുത്തിയാൽ രേഖയുടെ സഞ്ചാരവഴികൾ ട്രാക്ക് ചെയ്യാൻ സാധിക്കുമെന്ന് നിർദേശമുണ്ട്. എന്നാൽ അക്കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുണ്ടാക്കിയാൽ മാത്രമേ അത് സാധ്യമാകൂ.
ഇത് സംബന്ധിച്ച് നീണ്ട നടപടികളാണ് വരുന്നത്. കുവൈത്തിലെ പൊതുമേഖലയിൽ ജോലി ലഭിക്കുന്നവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർണയിച്ച യോഗ്യതയുമായി തുല്യപ്പെടുത്തണമെന്നു 5 വർഷം മുൻപാണു നിയമം വന്നത്. അതനുസരിച്ച് ജോലിയിൽ പ്രവേശിക്കുന്നയാൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനു തൊഴിൽ സ്ഥാപനം വഴി കുവൈത്ത് ഉന്നത വിദ്യാഭ്യാസ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഇന്ത്യയിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിദേശമന്ത്രാലയം വഴി ഡൽഹിയിലെ ഇന്ത്യൻ വിദേശമന്ത്രാലയത്തിൽ എത്തിക്കും.
അവിടെ നിന്നും ബന്ധപ്പെട്ട സർവകലാശാലയിൽ പരിശോധനയ്ക്ക് അയയ്ക്കുന്ന സർട്ടിഫിക്കറ്റിന്റെ സാധുത സംബന്ധിച്ച വിവരം സർവകലാശാല ഡൽഹിയിൽ മാനവശേഷി മന്ത്രാലയത്തെ അറിയിക്കും. അവർ വിദേശമന്ത്രാലയത്തിലേക്കും വിദേശമന്ത്രാലയം ഇന്ത്യയിലെ കുവൈത്ത് എംബസിയിലേക്കും വിവരം കൈമാറും. കുവൈത്ത് എംബസി കുവൈത്ത് വിദേശമന്ത്രാലയം വഴി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു വിവരം നൽകും. റിപ്പോർട്ട് അനുകൂലമാണെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർണയിച്ച യോഗ്യതയ്ക്ക് തുല്യമാണ് സർട്ടിഫിക്കറ്റ് എന്ന അനുമതി പത്രം സർട്ടിഫിക്കറ്റ് ഉടമയ്ക്ക് ലഭിക്കും.
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കർശനമാക്കുന്നതു വഴി ഒട്ടേറെ ഇന്ത്യക്കാർ പ്രതിസന്ധിയിലാകും. കുവൈത്തിൽ നിന്ന് പരിശോധനയ്ക്കായി ഇന്ത്യയിലേക്ക് അയയ്ക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധന പൂർത്തിയാക്കി തിരിച്ചെത്താൻ ദീർഘകാലം എടുക്കുന്നു എന്നതാണു കാരണം. കുവൈത്ത് അധികൃതർ നിർണയിക്കുന്ന ഒരുവർഷത്തിനുള്ളിൽ പോലും സർട്ടിഫിക്കറ്റ് തിരിച്ചെത്തണമെന്നില്ല. അറ്റസ്റ്റേഷൻ നൽകുന്ന സർട്ടിഫിക്കറ്റ് കുവൈത്തിൽനിന്ന് പുറപ്പെട്ട് കുവൈത്തിൽ തിരിച്ചെത്തുന്നത് വരെയുള്ള സഞ്ചാരവഴി കണ്ടെത്താൻ ട്രാക്കിങ് സംവിധാനം പോലും ഇല്ല എന്നതാണു വസ്തുത. അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാലും അറിയാത്ത സാഹചര്യമുണ്ടെന്നും ചിലർ പരിഭവപ്പെടുന്നു. സ്വകാര്യമേഖലയിലും മെച്ചപ്പെട്ട തൊഴിലിനു സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നിർബന്ധമാക്കി വരുന്നുണ്ട്.
https://www.facebook.com/Malayalivartha























